പുതു വ്യവസായ സംരഭകര്‍ക്ക് താങ്ങായി വ്യവസായവകുപ്പ്

കൊയിലാണ്ടി : പുതുവ്യവസായ സംരഭകര്‍ക്കായി വ്യവസായ വാണിജ്യവകുപ്പും കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസും ചേര്‍ന്ന് താലൂക്ക്തല ‘നിക്ഷേപകസംഗമം’ ഏകദിന ശില്പശാല സംഘടിപ്പിച്ചു. വ്യവസായ തത്പരര്‍ക്ക് വ്യവസായ വകുപ്പിന്റെ പദ്ധതികളും, നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങളെകുറിച്ചും, ബന്ധപ്പെടേണ്ട മറ്റു വകുപ്പുകളിലെ പദ്ധതികളെകുറിച്ചും, നിയമങ്ങളെകുറിച്ചും അവബോധം നല്‍കുക എന്നതായിരുന്നു ശില്പശാലയുടെ ലക്ഷ്യം. ഇതിലൂടെ കേരളത്തെ രാജ്യത്തിലെ മികച്ച വ്യവസായ സൗഹൃദ കേന്ദ്രമാക്കി മാറ്റിയെടുക്കാന്‍ സാധിക്കുമെന്നാണ് സംസ്ഥാന ഗവണ്മെന്റ് ലക്ഷ്യമിടുന്നത്.
കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന ശില്പശാല നഗരസഭ ചെയര്മാന് കെ. സത്യന് ഉദ്ഘാടനം ചെയ്തു. താലൂക്ക് വ്യവസായ ഓഫീസര്‍ പി. ശശി കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം എം. സുരേന്ദ്രന്, നഗരസഭ വ്യവസായ ഓഫീസര്‍ ടി.വി. അജിത് കുമാര്‍, ബാലുശ്ശേരി ബ്ലോക്ക് വ്യവസായ ഓഫീസര്‍ മിഥുന് ആനന്ദ് എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ വ്യവസായ ഓഫീസര്‍ ഐ. ഗിരീഷ് കുമാര്‍(കോഴിക്കോട് താലൂക്ക്), അസി. ടാക്സ് ഓഫീസര്‍ ജിനോ ആന്റണി, റിട്ട്. പഞ്ചായത്ത് സെക്രട്ടറി എ. സുധാകരന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ശില്പശാല നയിച്ചു.
