പിറന്നുവീണയുടന്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവ്

ഇടുക്കി: പിറന്നുവീണയുടന്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്ത് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ. ഇടുക്കി കോലാഹലമേട് സ്വദേശി വിജിഷയെയാണ് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2013 ഒക്ടോബര്‍ 17നാണ് സംഭവം. ഇടുക്കി സ്വദേശികളായ വിജിഷയും പ്രവീണും പ്രണയത്തിലായിരുന്നു. വിജിഷയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തതോടെ, ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. ഇതിനിടെ, ആലപ്പുഴ കളര്‍കോട് നടന്ന ഒരു സമൂഹ വിവാഹ ചടങ്ങില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.
വിജിഷ ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവച്ചായിരുന്നു ഇത്. വിവാഹം കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ പ്രവീണിന്റെ വീട്ടിലെ കുളിമുറിയില്‍ വച്ച് വിജിഷ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. എന്നാല്‍ സംഭവം പുറത്തറിയാതിരിക്കാന്‍ ജനിച്ചയുടന്‍ രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊന്നു എന്നാണ് കേസ്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ബോധം നശിച്ച വിജിഷയെ പ്രവീണിന്റെ വീട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ച് ഡോക്ടര്‍മാരാണ് വിജിഷ പ്രസവിച്ചിട്ടുണ്ടെന്ന് പ്രവീണിനെയും വീട്ടുകാരേയും അറിയിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, തുണിയില്‍ പൊതിഞ്ഞ കുട്ടികളുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കോടതിയില്‍ വിജിഷ കുറ്റം നിഷേധിച്ചു. എന്നാല്‍ വിജിഷ ഗര്‍ഭിണിയാണെന്ന് തനിക്കറിയാമായിരുന്നു എന്നും വിവാഹം കഴിയാത്തതിനാല്‍ പുറത്തുപറയാന്‍ മടിച്ചെന്നുമുള്ള പ്രവീണിന്റെ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്.

