KOYILANDY DIARY.COM

The Perfect News Portal

പി ജയരാജന് തലശ്ശേരി സെഷനസ് കോടതി ജാമ്യമനുവദിച്ചു

തലശ്ശേരി> സിപിഐ എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജന് തലശ്ശേരി സെഷനസ് കോടതി ജാമ്യമനുവദിച്ചു. കതിരൂര്‍ മനോജ് വധക്കേസില്‍ ആര്‍എസ്എസ് സമ്മര്‍ദപ്രകാരം രാഷ്ട്രീയ പ്രേരിതമായാണ് സിബിഐ പി ജയരാജനെ പ്രതിചേര്‍ത്തിരുന്നത്. ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയാണ് റിമാന്‍ഡ് ചെയ്തിരുന്നത്. രണ്ടുമാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത്,സാക്ഷികളെ സ്വാധീനിക്കരുത്,അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം. എന്നീ വ്യവസ്ഥകളോടെ ജില്ലാ സെഷന്‍സ് ജഡ്ജി വി ജി അനില്‍കുമാറാണ് ജാമ്യമനുവദിച്ചത്. ജയരാജന് ജാമ്യമനുവദിക്കരുതെന്നും പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള സിബിഐ വാദങ്ങള്‍ തള്ളിയാണ് കോടതി ജാമ്യമനുവദിച്ചത്.

കേസില്‍ അന്വേഷണം ആരംഭിച്ച് രണ്ടു വര്‍ഷമാകാറായില്ലേയെന്നും എല്ലാ തെളിവുകളും ശേഖരിച്ചുകാണുമല്ലോയെന്നും കോടതി ചോദിച്ചപ്പോള്‍ കാര്യങ്ങള്‍ ഇനിയും അന്വേഷിക്കാനുന്നൊയിരുന്നു സിബിഐയുടെ മറുപടി. റിമാന്‍ഡ് നീട്ടുന്നതൊഴികെ ജാമ്യഹര്‍ജി പരിഗണിക്കലടക്കം നടപടികള്‍ക്ക് തലശേരി കോടതിക്ക് അധികാരമില്ലെന്ന് സിബിഐ പറഞ്ഞു. എവിടെയാണ് ജാമ്യഹര്‍ജി പരിഗണിക്കേതെന്ന് കോടതി ആരാഞ്ഞപ്പോള്‍, എറണാകുളം സിജെഎം കോടതിയിലെന്നായിരുന്നു മറുപടി.

വധഗൂഢാലോചനയെന്ന വാദം കെട്ടിച്ചമച്ചതാണെന്ന് പി ജയരാജന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എവിടെവച്ച്, ആരുമായി ഗൂഢാലോചന നടത്തിയെന്ന് പറയാന്‍ അന്വേഷകസംഘത്തിന് സാധിച്ചിട്ടില്ല. ഈ അവസ്ഥ കോടതി അനുവദിച്ചാല്‍ ഭാവിയില്‍ ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാമെന്ന സ്ഥിതിവരും. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് കൊലയ്ക്ക് കാരണമായി ആരോപിക്കുന്നത്. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കതിരൂര്‍ തലശേരിയില്‍ ഗൂഢാലോചന നടത്തിയെന്നാണുള്ളത്. പ്രതിചേര്‍ത്തുള്ള റിപ്പോര്‍ട്ടില്‍ ഗൂഢാലോചനാ സ്ഥലം കണ്ണൂരായി മാറ്റിയെന്നും പി ജയരാജനുവേണ്ടി ഹാജരായ അഡ്വ.കെ വിശ്വന്‍ കോടതിയെ അറിയിച്ചിരുന്നു. കുറ്റാരോപിതരായ മറ്റുള്ളവര്‍ക്കെതിരെ ചുമത്താത്ത യുഎപിഎ ഗൂഢാലോചനാ വകുപ്പ് പി ജയരാജനെതിരെമാത്രം എങ്ങനെ നിലനില്‍ക്കും. മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിന്റെ ആനുകൂല്യം ജയരാജനും ലഭിക്കണം. ഗൂഢാലോചനാവാദം തള്ളി ജാമ്യം അനുവദിക്കണമെന്നും കെ വിശ്വന്‍ വാദിച്ചു.

Advertisements
Share news