പാട്യം അവാര്‍ഡ് സുനില്‍ പി ഇളയിടത്തിന്

കണ്ണൂര്‍: 2018ലെ പാട്യം അവാര്‍ഡ് മലയാളത്തിലെ ശ്രദ്ധേയനായ യുവസാംസ്കാരിക വിമര്ശകന് ഡോ. സുനില്‍ പി ഇളയിടത്തിന്. മാര്‍ക്സിസം, ചരിത്ര പഠനം, സാംസ്കാരിക വിമര്‍ശനം തുടങ്ങിയ മേഖലകളില്‍ നല്കി വരുന്ന ധൈഷണിക സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ അവാര്‍ഡിന് തെരെഞ്ഞെടുത്തതെന്ന് പുരസ്കാരസമിതി ചെയര്മാന് എം സുരേന്ദ്രനും കണ്‍വീനര്‍ വി രാജനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പതിനായിരം രൂപയും ഫലകവുമടങ്ങിയ പുരസ്കാരം മെയ് 21ന് വൈകിട്ട് അഞ്ചിന് പാട്യം കൊട്ടയോടിയില്‍ നടക്കുന്ന ചടങ്ങില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി സമ്മാനിക്കും. അകാലത്തില്‍ പൊലിഞ്ഞ കമ്യൂണിസ്റ്റ് വിപ്ലവകാരി പാട്യം ഗോപാലന്റെ ഓര്‍മയ്ക്കായി പാട്യം ഗോപാലന് സ്മാരക ക്ലബ്ബാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.പത്തൊമ്ബതാമത് പുരസ്കാരമാണ് സുനിലിനു സമ്മാനിക്കുന്നത്. ഇ എം എസ്, ഒ എന്‍ വി കുറുപ്പ്, പി ഗോവിന്ദ പിള്ള, കെ ടി മുഹമ്മദ്, ഗോപിനാഥ് മുതുകാട്, ഡോ. വി പി ഗംഗാധരന്, വിനീത് ശ്രീനിവാസന് , ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ് തുടങ്ങിയവര്‍ പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്.

പ്രഭാഷകന്‍ , അധ്യാപകന്, ഗ്രന്ഥകാരന് ഭാഷാപണ്ഡിതന്‍, ഇടതു ചിന്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ സുനില്‍ പി ഇളയിടം സമകാലീന സാംസ്കാരിക അനുഭവങ്ങളോട് തുറന്നു പ്രതികരിക്കുന്ന ധിഷണാശാലിയാണ്. സംഘ പരിവാരത്തിന്റെ ഫാസിസ്റ്റ് പ്രവണതകളെ തുറന്നെതിര്ത്തതിനെ തുടര്‍ന്ന് പല ഘട്ടങ്ങളിലും കൈയ്യേറ്റങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയനായിട്ടുണ്ട്.

ഇന്ത്യന്‍ സംസ്കാരത്തെയും അതിന്റെ ബഹുസ്വരതയെയും ആഴത്തില്‍ പരിചയപ്പെടുത്തിയ സുനില്‍ മഹാഭാരതത്തെക്കുറിച്ചു നടത്തിയ പ്രഭാഷണ പരമ്ബര ശ്രദ്ധേയമായിരുന്നു. ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. കേരള ലളിതകലാ അക്കാദമിയുടെ കേസരി ബാലകൃഷ്ണ പുരസ്കാരം, കേരള സാ ഹിത്യ അക്കാദമി വൈജ്ഞാനിക സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

ഈടുറ്റ കൃതികളുടെ കര്‍ത്താവുമാണ്. നാനാര്‍ഥങ്ങള്‍– സമൂഹം, ചരിത്രം, സംസ്കാരം, അധിനിവേശവും ആധുനികതയും, വീണ്ടെടുപ്പുകള്‍– മാര്‍ക്സിസവും ആധുനികതാ വിമര്‍ശനവും, അനുഭൂതികളുടെ ചരിത്ര ജീവിതം, ദമിതം, ഉരിയാട്ടം, കണ്‍വഴികള്‍ കാഴ്ചവട്ടങ്ങള്‍, ചരിത്രം– പാഠരൂപങ്ങളും പ്രത്യയശാസ്ത്രവും തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
