പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു

കൊയിലാണ്ടി: നഗരത്തില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴയ പൊലീസ് സ്റ്റേഷന് റോഡിലെ അല്‍ഫല, ദേശീയ പാതയില്‍ സെഞ്ച്വറി എന്നീ ഹോട്ടലുകളില്‍ നിന്നും വില്‍പ്പനയ്ക്ക് വെച്ച പഴകിയ ബീഫ്, ചിക്കന്‍ കറി, മീന്‍ വറുത്തത്, എന്നിവ പിടിച്ചെടുത്തു.
ആനക്കുളത്തെ ശ്രീ ലക്ഷ്മി ഹോട്ടല്‍, കൊല്ലം ജങ്ഷനില്‍ ജൈത ഹോട്ടല്‍ എന്നിവടങ്ങളില്‍ വൃത്തിഹീനമായി കാണപ്പെട്ടതിനാല്‍ ന്യൂനതാ നോട്ടീസ് നല്‍കുകയും ചെയ്തു. രാത്രികാലങ്ങളില്‍ റോഡരികില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റ ഭാഗമായി രണ്ട് പേര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
നഗരസഭ സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. അബ്ദുള്‍ മജീദ്, ജെ.എച്ച്.ഐ.മാരായ എം.കെ. സുബൈര്‍, കെ.എം. പ്രസാദ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി. പരിശോധനകള്‍ തുടര്‍ന്നും ശക്തമായി തുടരുമെന്ന് നഗരസഭ അറിയിച്ചു.
