പന്തലായനി ബ്ലോക്ക് സമ്പൂർണ്ണ ഹോംഷോപ്പ് പദ്ധതി പ്രഖ്യാപനം ഒക്ടോബർ 22ന്

കൊയിലാണ്ടി; കോഴിക്കോട് ജില്ലയെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഹോംഷോപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പന്തലായനിയെ സമ്പൂർണ ഹോംഷോപ്പ് ബ്ലോക്ക് ആയി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾ അന്തിമഘട്ടത്തിലേക്ക്. പ്രാദേശികമായി നിർമ്മിക്കുന്ന കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സുസ്ഥിരമായ പ്രാദേശിക വിപണി ഒരുക്കുന്നതിനു വേണ്ടിയുള്ള സ്ഥിരം സംവിധാനമാണ് ഹോം ഷോപ്പ് പദ്ധതി.
പന്തലായനി ബ്ലോക്കിൽ വിപണന രംഗത്ത് മാത്രം നൂറിനടുത്ത് വനിതകൾക്ക് സ്ഥിരം തൊഴിൽ ലഭ്യമാകും. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഓരോ ഉൽപ്പാദന യൂണിറ്റുകൾ കൂടി ആരംഭിക്കുകയാണെങ്കിൽ അതുവഴി ചുരുങ്ങിയത് 30 പേർക്കെങ്കിലും പുതുതായി തൊഴിൽ ലഭ്യമാക്കാൻ കഴിയും.

ഒക്ടോബർ 22ന് കാലത്ത് 10 മണിക്ക് കൊയിലാണ്ടി എംഎൽഎ ശ്രീ കെ ദാസൻ സമ്പൂർണ ഹോം ഷോപ്പ് പ്രഖ്യാപനം നടത്തും. ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ വിവിധ പഞ്ചായത്തുകളിൽ നിന്നായി ആയിരം കുടുംബശ്രീ പ്രവർത്തകർ ഒത്തുചേരും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശോഭ കെ എം ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ശ്രീ പി.എം ഗിരീഷൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം ചെയർപേഴ്സൺ ഗീത കെ.സി, ഖാദർ വെള്ളിയൂർ, എന്നിവർ പ്രസംഗിച്ചു.’ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബീഷ് സ്വാഗതവും, സി.ഡി എസ് ചെയർപേഴ്സൺ ശൈലജ നന്ദിയും പറഞ്ഞു.

