KOYILANDY DIARY.COM

The Perfect News Portal

നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് മുൻ ആർ. ബി.ഐ ഗവർണ്ണർ 

നോട്ട് നിരോധം നടപ്പിലാക്കിയ സമയത്തെയും രഹസ്യ സ്വഭാവത്തെയും ചോദ്യം ചെയ്ത് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ബിമല്‍ ജലാന്‍ രംഗത്ത്. ദ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ജലാന്‍ നിലപാട് വ്യക്തമാക്കിയത്. 1997-2003 കാലഘട്ടത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നു ജലാന്‍. ആദ്യ വാജ്പേയ് മന്ത്രിസഭ അധികാരത്തിലിരുന്നതും ഇക്കാലത്താണ്.

നിലവിലുള്ള നോട്ട് നിരോധിക്കുമ്പോള്‍ അതിന് വ്യക്തമായ ഒരു കാരണം ഉണ്ടായിരിക്കണം. യുദ്ധം, സുരക്ഷ ഭീഷണി തുടങ്ങി വ്യക്തമായ എന്തെങ്കിലും കാരണം. കള്ളപ്പണത്തോട് ഈ സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിക്കും എന്ന സന്ദേശമാണ് നല്‍കേണ്ടത്. രണ്ടാമതായി  തുല്യ പ്രാധാന്യമുള്ള മറ്റൊരു ചോദ്യം കൂടി ഉണ്ട് – എന്തുകൊണ്ട് ഇപ്പോള്‍? – ജലാന്‍ പറഞ്ഞു.

നോട്ട് നിരോധനത്തെക്കുറിച്ചുള്ള രഹസ്യം അതീവ രഹസ്യമായിരിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിലും കഴമ്പില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ളപ്പണത്തോട് സര്‍ക്കാരിന് സന്ധിയില്ല നിലപാടാണെന്ന് ജനങ്ങളോട് തുറന്നു പറയുന്നത് അവര്‍ക്ക് ഒരു മുന്നറിയിപ്പു നല്‍കുന്നതിന് തുല്യമാണ്. രഹസ്യ തീരുമാനത്തിന് പകരം അത് പരസ്യമായ പ്രഖ്യാപനമായിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിച്ചിരിക്കുക? മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ കള്ളപ്പണക്കാര്‍ പണം ബാങ്കുകളില്‍ നിക്ഷേപിക്കുമായിരുന്നു എന്ന വാദത്തിനും ജലാന് മറുപടിയുണ്ട്. തീരുമാനം രഹസ്യമാക്കി വച്ചിട്ടും അവര്‍ ചെയ്യുന്നത് അതുതന്നെയാണ്. ഒരുപക്ഷേ തോത് കുറവായിരിക്കാം. എങ്കിലും ഒരു നോട്ടീസ് നല്‍കാമായിരുന്നു – ജലാന്‍ നിലപാട് വ്യക്തമാക്കി.

Advertisements

 

രാജ്യത്തെ 90-95 ശതമാനം ആളുകളും കള്ളപ്പണം കൈവശം വയ്ക്കുന്നവരല്ലെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നമ്മള്‍ സംഘടിത മേഖലയിലുള്ളവരാണ്. നമുക്ക് ജോലിയുണ്ട്. ഇവിടെയാണ് ഒരു സമവായത്തിന്‍റെ ആവശ്യകത പ്രസക്തമാകുന്നത്. ഒരു മുന്നറിയിപ്പു നല്‍കി ഭൂരിഭാഗത്തിന് പരിക്കേല്‍ക്കാതിരിക്കുന്ന രീതിയില്‍ തീരുമാനം നടപ്പിലാക്കല്‍. ലക്ഷ്യം നല്ലതാണ്. പക്ഷേ ഈ ലക്ഷ്യം കൈവരിക്കാനുള്ള മാര്‍ഗം ശ്രദ്ധാപുര്‍വ്വം തെരഞ്ഞെടുക്കേണ്ടതുണ്ട്  ജലാന്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *