നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞു

നന്മണ്ട: പന്ത്രണ്ടിലെ വളവില്‍ നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്ത പറമ്പിലേക്ക് തലകീഴായി മറിഞ്ഞു. കാറില്‍ കുടുങ്ങിയ ആളെ രക്ഷിക്കുന്നതിനിടെ വിദ്യാര്‍ഥിയുടെ കൈയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം.
കോഴിക്കോട്ടു നിന്ന് ബാലുശ്ശേരിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന പൂനൂര് സ്വദേശി രാമകൃഷ്ണന് അദ്ഭുതകരമായാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. അപകടശബ്ദം കേട്ടെത്തിയ വിദ്യാര്‍ഥികളായ അമൃത് കൃഷ്ണ, ജിഷ്ണു, അമിത് ബാബു എന്നിവര്‍ ചേര്‍ന്ന് കാറില്‍ കുടുങ്ങി കിടന്ന രാമകൃഷ്ണനെ പുറത്തെടുക്കുകയായിരുന്നു. പിറകിലെ ചില്ല് പൊട്ടിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ അമിത് ബാബുവിന്റെ കൈവിരലുകള്‍ക്ക് പരിക്കേറ്റു.

