KOYILANDY DIARY.COM

The Perfect News Portal

നമുക്കും വേണം ഒരു കളിക്കളം: പ്രതീക്ഷയോടെ വിയ്യൂർ – പുളിയഞ്ചേരി ഗ്രാമം

കൊയിലാണ്ടി: അണ്ടർ-17 ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശം ഇന്ത്യയുടെ കായിക രംഗത്തിന് പ്രത്യേകിച്ച് ഫുട്‌ബോളിന് നൽകിയ പുതു ഊർജ്ജം നമ്മുടെ കളിക്കളങ്ങളെ ആവേശത്തിന്റെ കൊടുമുടികളിൽ എത്തിച്ച് കൊണ്ടിരിക്കുകയാണ്. തുടർന്ന് ISL ക്ലബ്ബ് ഫുട്‌ബോൾ നമ്മുടെ കേരളത്തിന്റെ സ്വന്തം ടീമുകളായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റേയും ഗോകുലം FC യുടേയും കളി മികവുകൾ നമ്മുടെ ഫുട്‌ബോൾ രംഗത്തിന് പുത്തൻ ഉണർവുകൾ നൽകിയിട്ടുണ്ട്.
പക്ഷേ  പുളിയഞ്ചേരി-വിയ്യൂർ പ്രദേശങ്ങളിൽ ടിവി ചാനലുകൾക്ക് മുമ്പിൽ മാത്രം തന്റെ ആവേശം കെട്ടടക്കികൊണ്ട് ഒരു യുവത്വം തളച്ചിടുകയാണ്. ഒന്ന് പന്ത് തട്ടാൻ ഒരു ചെറിയ ഗ്രൗണ്ട്‌പോലും ഇല്ലാതെ റോഡുകളിലും ഇടവഴികളുിലും മാത്രം പരിമിതപ്പെടുത്തുകയാണ് നമ്മുടെ പുതിയ തലമുറയുടെ കായിക സ്വപ്‌നം.
പണ്ട് സെവൻസ് ഫുട്‌ബോളിന്റെ ഈറ്റില്ലമായിരുന്നു പുളിയഞ്ചേരി-വിയ്യൂർ പ്രദേശങ്ങൾ. വലിയവയൽ, കിളളാരവയൽ തുടങ്ങി അനേകം വിസ്താരമുളള കളിസ്ഥലങ്ങളിൽ അനേകം ഫുട്‌ബോൾ ടൂർണമെന്റുകൾ നടന്നിരുന്നു. കോഴിക്കോട്ടേയും മറ്റു ജില്ലകളിലേയും പ്രധാന ക്ലബ്ബുകളെല്ലാം ഈ ടൂർണ്ണമെന്റുകളിൽ ആവേശം കൊളളിച്ചിരുന്നു. ന്യൂമെൻസ് പുളിയഞ്ചേരി, സ്റ്റെപ് വിയ്യൂർ, കെ. ടി. എസ്. പുളിയഞ്ചേരി, സ്റ്റാർ പ്ലേയേഴ്‌സ് പുളിയഞ്ചേരി തുടങ്ങിയ അനേകം ടീംമുകൾ കൊയിലാണ്ടിയിലുൾപ്പെടെ മറ്റ് പ്രദേശങ്ങളിലെയും ടൂർണ്ണമെന്റുകളിൽ സാന്നിദ്ധ്യം അറിയിച്ച് കപ്പുകൾ കരസ്ഥമാക്കി ജേതാക്കളായിട്ടുണ്ട്.
പുളിയഞ്ചേരിയിലെ കിള്ളാരവയലിൽ കൊയിലാണ്ടി, കൊല്ലം, വിയ്യൂർ, മൂടാടി, പാലക്കുളം, കീഴരിയൂർ പ്രദേശങ്ങളിൽനിന്നടക്കം അനേകം കായിക താരങ്ങൾ ഫുട്‌ബോളിനും മറ്റ് അത്‌ലറ്റിക് പരിശീലനത്തിനും  ഈ കളിക്കളത്തെ ആശ്രയിച്ചിരുന്നു. കൂടാതെ അനേകം കായിക മത്സരങ്ങൾക്കും ഈ കളിക്കളം വേദിയായിട്ടുണ്ട്.
പഴയ തലമുറയിൽ നിന്ന് ഈ കളിക്കളങ്ങളെക്കുറിച്ച് അറിഞ്ഞ് വിസ്മൃതിയിലായ നമ്മുടെ കായിക പാരമ്പര്യത്തെ ഓർമ്മിച്ച് നെടുവീർപ്പിടുകയാണ്. ഇതിൽ നിന്നാണ് ” നമുക്കും വേണം കളിക്കളം” എന്ന ക്യാമ്പയിൻ ഉയർത്തി പുളിയഞ്ചേരിയിലെ ഒരു കൂട്ടം യുവാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്. പുളിയഞ്ചേരി – വിയ്യൂർ ദേശങ്ങളിലായി അനേകം സ്ഥലങ്ങൾ സർക്കാരിന്റെ വിവിധ വകുപ്പുകളിലായി തരിശായി കിടക്കുകയാണ്.
ഇത്തരം സ്ഥലങ്ങളെല്ലാം തന്നെ കായികരംഗത്തിന് ഉപയോഗിച്ചാൽ നമ്മുടെ നാടിന്റെ കായിക പ്രതീക്ഷക്ക് പുത്തനുണർവേകാൻ കഴിയും. തീർച്ചയായും  ഈ ക്യാമ്പയിന് പുറംതിരിഞ്ഞ് നിൽക്കാൻ നമ്മുടെ ഭരണാധികാരികൾക്ക് കഴിയില്ല. ഇതിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് നമ്മുടെ സ്‌പോർട്‌സ് പ്രേമികൾ.
Share news

Leave a Reply

Your email address will not be published. Required fields are marked *