നന്തി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് 2020ൽ അവസാനിക്കും

കൊയിലാണ്ടി: ദേശീയപാതയില്‍ നന്തി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് 2020 ഏപ്രില്‍ 11-ന് അവസാനിക്കുമെന്ന് റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പ്പറേഷന്. മേല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് 17,08,74,410 (പതിനേഴ് കോടി എട്ട് ലക്ഷത്തി എഴുപത്തിനാലായിരത്തി നാനൂറ്റി പത്ത് രൂപ) രൂപയാണ് ചുങ്കം ഇനത്തില്‍ സര്‍ക്കാരിലേക്ക് ഇതുവരെ കിട്ടിയത്. നന്തി മേല്‍പ്പാലം നിര്‍മാണത്തിന് 12,31,08,916 രൂപയാണ് ചെലവഴിച്ചത്. കൊയിലാണ്ടി മേല്‍പ്പാലം നിര്‍മാണത്തിന് 18,11,84,987 രൂപയും ചെലവഴിച്ചതായാണ് കണക്ക്.
2010 ഫെബ്രുവരി ഒന്നിനാണ് ഉദ്ഘാടനംചെയ്തത്. പിറ്റേന്നു മുതല്‍ ടോള്‍ പിരിവും തുടങ്ങി. 2013 ഏപ്രില്‍ 20-നാണ് കൊയിലാണ്ടി മേല്‍പ്പാലം തുറന്ന് കൊടുത്തത്. അതിന്റെ പിറ്റേന്നു തന്നെ (2013 ഏപ്രില്‍ 21-ന്) തന്നെ ചുങ്കം പിരിവും തുടങ്ങിയിരുന്നു.

നന്തി-കൊയിലാണ്ടി മേല്‍പ്പാലങ്ങളുടെ ടോള്‍ പിരിവ് ഒറ്റ പാക്കേജായിട്ടാണ് നടത്തുന്നത്. വിവരാവകാശ നിയമപ്രകാരം കൊരയങ്ങാട് സ്വദേശി ടി.പി. പ്രശാന്തിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ പാതയില്‍ ആര്.ബി.ഡി.സി നിര്‍മ്മിച്ച മീഞ്ചന്ത, വെങ്ങാലി, വെങ്ങളം, ചെങ്ങോട്ടുകാവ് തുടങ്ങിയ മേല്‍പ്പാലങ്ങളില്‍ ചുങ്കം പിരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല.

എന്നാല്‍ ഏറ്റവും അവസാനം ഉദ്ഘാടനം ചെയ്ത നന്തി മേല്‍പ്പാലത്തില്‍ പോലീസ് സഹായത്തോടെയാണ് ആര്.ബി.ഡി.സി ടോള്‍ പിരിവ് തുടങ്ങിയത്. ടോള്‍ പിരിവ് ഇല്ലാത്ത മേല്‍പ്പാലത്തിലെ പിരിവുകൂടി നന്തിയില്‍നിന്ന് ഈടാക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. അതു കൊണ്ടാണ് മറ്റ് മേല്‍പ്പാലങ്ങളുടെ നിര്മണച്ചെലവുകൂടി ഇവിടെ നിന്ന് വസൂലാക്കുന്നത്.

ഓരോ വര്‍ഷവും ആര്.ബി.ഡി.സി ടെണ്ടര്‍ വിളിച്ചാണ് ടോള്‍ പിരിവ് കരാര്‍ കൊടുക്കുക. ഈ തുക കരാറുകാരന് ഒരു വര്‍ഷത്തില്‍ പല തവണകളായി ആര്.ബി.ഡി.സിക്ക് അടയ്ക്കണം. 2017-18 വര്‍ഷത്തില്‍ 2,75,76,000 രൂപയ്ക്കാണ് ടോള്‍ പിരിവ് കരാര്‍ നല്‍കിയത്. കാസര്‍കോട് ബേക്കല്‍ സ്വദേശി സി.എച്ച്. പവിത്രനാണ് പിരിവ് ലേലത്തില്‍ എടുത്തത്. ഒരോ ദിവസവും എത്ര തുക പിരിക്കണമെന്നത് ആര്.ബി.ഡി.സിക്ക് വിഷയമല്ല. കരാറെടുത്ത തുക സര്‍ക്കാരിലേക്ക് ലഭിച്ചാല്‍ മതി. വിവിധ ഏജന്‍സികളില്‍നിന്നും വായ്പയെടുത്താണ് ആര്.ബി.ഡി.സി. കേരളത്തിലുടനീളം മേല്‍പ്പാലങ്ങള്‍ നിര്‍മിച്ചത്. വായ്പാതുക തിരിച്ചടയ്ക്കാന്‍ ടോള്‍ പിരിവ് മാത്രമേ പോംവഴിയായുള്ളൂവെന്നാണ് സര്‍ക്കാര്‍ നിലപാട്.
