നഗരത്തിലെ പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കല്‍; പോലീസ് വാഹനങ്ങളില്‍ വീഡിയോ ക്യാമറകള്‍ വരുന്നു

കോഴിക്കോട്; പോലീസ് വാഹനങ്ങളില്‍ വീഡിയോ ക്യാമറകള്‍ ഒരുക്കിയാവും ഇനി പട്രോളിങ്. നഗരത്തിലെ പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കല്‍ എന്ന നിലയിലാണ് പട്രോളിങ് നടത്തുന്ന പോലീസ് വാഹനങ്ങളില്‍ ക്യാമറകള്‍ ഘടിപ്പിക്കാനൊരുങ്ങുന്നത്. എല്ലാ ട്രാഫിക് പ്രവര്‍ത്തനങ്ങളും ക്യാമറയില്‍ പകര്‍ത്തും.അടുത്ത കാലത്ത് നടന്ന ഒരു പ്രശ്നത്തെ തുടര്‍ന്നാണ് പോലീസ് വാഹനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നീക്കം.ദിവസങ്ങള്‍ക്ക് മുന്‍പ് ട്രാഫിക് നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനോട് മോശമായി പെരുമാറി എന്നാരോപിച്ച് പോലീസ് ഉദ്യോഗസ്ഥന് മേല്‍ കുറ്റം ചുമത്തിയിരുന്നു.
രണ്ടു പേര്‍ക്കും ഇതിനു തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല.
ക്യാമറകള്‍ സ്ഥാപിക്കുന്നതോടെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പോലീസിന്‍റെ കണക്കുകൂട്ടല്‍.വിദേശ രാജ്യങ്ങളിലെല്ലാം പോലീസിനെ സഹായിക്കാനായി ഇത്തരത്തില്‍ വീഡിയോ ക്യാമറകള്‍ ഘടിപ്പിക്കാറുണ്ട്. ചുറ്റും നടക്കുന്ന സംഭവങ്ങളെല്ലാം ക്യാമറയില്‍ പതിയുകയും അതുവഴി പിന്നീട് വീണ്ടും പരിശോധിക്കേണ്ടി വന്നാല്‍ ഇവ ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യും.

നഗരത്തിന്‍റെ പരിധിയിലുള്ള എല്ലാ ട്രാഫിക്ക് കേന്ദ്രങ്ങളിലും ഇത് നടപ്പാക്കാനാണ് ആലോചിക്കുന്നത്. വാഹനപരിശോധനയും ബന്ധപ്പെട്ട സംഭവങ്ങളുമെല്ലാം വീഡിയോ ക്യാമറകള്‍ ഉപയോഗിച്ച് റെക്കോഡ് ചെയ്യണമെന്ന് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിര്‍ദേശമുണ്ടായിരുന്നെങ്കിലും ഇതൊന്നും നടപ്പിലാക്കിയിരുന്നില്ല.
പോലീസ് പരിശോധന സ്ക്വാഡുകള്‍ക്ക് ക്യാമറകള്‍ നല്‍കിയെങ്കിലും പരിശോധന സമയത്ത് ഉദ്യോഗസ്ഥര്‍ ഇത് ഉപയോഗിച്ചിരുന്നുമില്ല.

വാഹനങ്ങളില്‍ വീഡിയോ ക്യാമറകള്‍ കര്‍ശനമായി സ്ഥാപിക്കുന്നതുമായുള്ള പ്രവര്‍ത്തനം നടപ്പിലാക്കാനും അതുവഴി പല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാനുമാണ് ശ്രമമെന്ന് സിറ്റി പോലീസ് മേധാവി ജെ.ജയനാഥ് പറഞ്ഞു.നഗരത്തിന്‍റെ പലയിടങ്ങളിലും ക്യാമറകള്‍ സ്ഥാപിച്ച് അത് പോലീസുകാര്‍ക്ക് പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വീക്ഷിക്കുന്ന തരത്തിലാക്കാനുള്ള നടപടികളും ആരംഭിക്കും. നഗരത്തില്‍ സ്ഥാപിച്ച് 76 ക്യാമറകള്‍ ഉപയോഗ ശൂന്യമായിരുന്നു. ഇതില്‍ 70 ക്യാമറകള്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് ഉപയോഗപ്രദമാക്കിയിട്ടുണ്ട്. ബാക്കിയുള്ള 6 ക്യാമറകളും ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കും.

