ദേവി സ്തുതികളാല്‍ മുഖരിതമായ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയില്‍ പൊങ്കാലയ്ക്ക് തുടക്കമായി

തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനയുടെയും സായൂജ്യമായി നഗരം യാഗശാലയായി മാറി. ക്ഷേത്ര പരിസരവും നഗരവും കടന്ന് അഭീഷ്ടദായിനിയായ ദേവിയുടെ വരപ്രസാദം ഏറ്റുവാങ്ങാനായി ഭക്തകള്‍ കലങ്ങള്‍ നിരത്തി, അടുപ്പുകൂട്ടി. രാവിലെ 10.45ന് അടുപ്പു വെട്ടിനു ശേഷം ക്ഷേത്ര തന്ത്രി തെക്കേടത്ത് കഴിക്കാട്ട് പരമേശ്വരന് വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂ
തിരിക്ക് കൈമാറി.
ക്ഷേത്ര തിടപ്പള്ളികളിലെ അടുപ്പുകളില്‍ തീ പകര്‍ന്ന ശേഷം മേല്‍ശാന്തി കൈമാറിയ അഗ്നി സഹ മേല്‍ശാന്തി പി.വി കേശവന് നമ്പൂതിരി ക്ഷേത്രത്തിനു പുറത്തെ പണ്ടാര അടുപ്പിലേക്ക് പകര്‍ന്നതോടെ ദേവി സ്തുതികളാല്‍ മുഖരിതമായ മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയില്‍ പൊങ്കാലയ്ക്ക് തുടക്കമായി. ചെണ്ടമേളവും കതിനാവെടിയും വായ്ക്കുരവയും മുഴങ്ങുന്നതിനിടെ പൊങ്കാല അടുപ്പുകളിലേക്കും തീ പകര്‍ന്നു. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. ഇതിനായി 250 ഓളം പൂജാരിമാരാണുള്ളത്.

