KOYILANDY DIARY.COM

The Perfect News Portal

ദുരിതാശ്വാസ നിധിയിലേക്ക് സമഗ്ര ശിക്ഷാ അഭിയാന്‍ ഒരുമാസത്തെ ശമ്പളം നൽകും

കോട്ടയം: പ്രളയ ദുരന്തത്തെ അതിജീവിക്കുന്നതിനും നവ കേരള നിര്‍മ്മിതിക്കുമായി ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി സമഗ്ര ശിക്ഷാ അഭിയാന്‍റെ രണ്ടു ദിവസത്തെ ശില്പശാലയ്ക്ക് കോട്ടയത്ത് സമാപനമായി.

പ്രളയാനന്തരത്തില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ പ്രത്യേകസാഹചര്യം കണക്കിലെടുത്തു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കുന്നതിനുള്ള വിശദമായ പ്രപ്പോസല്‍ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് പൊതുവിദ്യാഭ്യാസവകുപ്പിന്‍റെ നിര്‍ദ്ദേശാനുസരണം സമര്‍പ്പിക്കും.

ഇതിനുള്ള കര്‍മ്മ പദ്ധതി സമഗ്രശിക്ഷാ അഭിയാന്‍ അടിയന്തിരമായി തയ്യാറാക്കും. അറ്റകുറ്റപണികള്‍ക്കും പഠനോപകരണങ്ങള്‍ക്കുമായി സ്‌കൂള്‍ ഗ്രന്‍റ് എസ്.എസ്,എ പദ്ധതിയുടെ വിതരണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കും.

Advertisements

വിദ്യാലയങ്ങളുടെ നാശനഷ്ടങ്ങളെ സംബന്ധിച്ച കണക്ക് സിവില്‍ വിഭാഗം ഇതിനായി തയ്യാറാക്കി കഴിഞ്ഞു. പ്രളയത്തില്‍നഷ്ട്ടപ്പെട്ട ലൈബ്രറി പുസ്തകങ്ങള്‍ വാങ്ങുന്നതിനും ഗണിതലാബ് പോലെയുഉളവ ഒരുക്കുന്നതിനും ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കായി വിദ്യാര്‍ത്ഥികളില്‍ നിന്നും ഫണ്ട് ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സമഗ്രയുടെ പ്രവര്‍ത്തകര്‍ പൂര്‍ണ്ണ പങ്കാളികളാകും.

ബ്ലോക്ക് തലത്തിലും ക്ലസ്റ്റര്‍ തലത്തിലും ഇതിനായി പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. പ്രളയത്തെ തുടര്‍ന്ന് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടായ മാനസികാഘാതം പരിഹരിക്കുന്നതിന് പിന്തുണ നല്‍കും. സമഗ്രയുടെ ഭാഗമായ ജീവനക്കാര്‍ തങ്ങളുടെ ഒരുമാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

സമഗ്രശിക്ഷാ അഭിയാന്റെ 2018-19 വര്‍ഷത്തെ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച പ്രവര്‍ത്തന രൂപരേഖയ്ക്കും ശില്പശാല അംഗീകാരം നല്‍കി. പഠന പരിപോഷണ പരിപാടികളും നൂതനാശയ പ്രവര്‍ത്തനങ്ങളും ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള പദ്ധതികളും എല്ലാം ഉള്‍പ്പെടുത്തി ഈ വര്‍ഷം നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണന ക്രമം തീരുമാനിച്ച്‌ നടപ്പാക്കാനാണ് സമഗ്രശിക്ഷാ അഭിയാന്‍ ലക്ഷ്യമിടുന്നത്.

അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ സാധ്യതകള്‍ എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി.അബുരാജ് ശില്പശാലയില്‍ പങ്കുവെച്ചു. സമഗശിക്ഷാ അഭിയാന്‍റെ സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടര്‍ ഡോ.എ.പി,കുട്ടികൃഷ്ണന്‍ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച്‌ സംസാരിച്ചു.

പ്രളയബാധിത പ്രദേശത്തെ സ്‌കൂളുകള്‍ ശുചീകരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിയ വിവിധ ജില്ലകളിലെ ജീവനക്കാരെ ഡയറക്ടര്‍ അഭിനന്ദിച്ചു. അഡീഷണല്‍ ഡയറക്ടര്‍ അനിലാ ജോര്‍ജ്ജ് സന്നിഹിതയായി, പ്ലാനിംഗ് കണ്‍സള്‍ട്ടന്റ് ഡോ. ടി.പി. കലാധരന്‍, പെഡഗോഗി & ഇംഗ്ലീഷ് കണ്‍സള്‍ട്ടന്റ് ഡോ.പി.കെ. ജയരാജ്, തുടങ്ങിയവര്‍ ശില്പശാലയ്ക്ക് മേല്‍നോട്ടം വഹിച്ചു. സമഗ്രശിക്ഷ അഭിയാന്റെ സംസ്ഥാന ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ ജില്ലാ പ്രോജക്‌ട് ഓഫീസര്‍മാര്‍ എന്നിവരാണ് രണ്ട് ദിവസത്തെ ശില്പശാലയില്‍ പങ്കെടുത്തത്.

Share news

Leave a Reply

Your email address will not be published. Required fields are marked *