KOYILANDY DIARY.COM

The Perfect News Portal

തീവണ്ടിക്കു മുന്‍പില്‍ പകച്ചുനിന്ന യാത്രക്കാരന് സ്വന്തം ജീവന്‍ പോലും പണയം വച്ച്‌ പോലീസ് രക്ഷകനായി

ആലുവ: ട്രാക്കില്‍ തീവണ്ടിക്കു മുന്‍പില്‍ പകച്ചുനിന്ന യാത്രക്കാരന് സ്വന്തം ജീവന്‍ പോലും പണയം വച്ച്‌ പോലീസ് രക്ഷകനായി. കഴിഞ്ഞ ദിവസം ആലുവ റെയില്‍വേ സ്റ്റേഷനിലാണ് കണ്ടു നിന്നവരുടെ ചങ്കിടിപ്പിച്ച ജീവന്‍രക്ഷാ പ്രകടനം നടന്നത്.

വയനാട് താമസിക്കുന്ന വേങ്ങൂര്‍ സ്വദേശി മനോജി (55) നെയാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പോലീസ് എ.എസ്.ഐ. സിദ്ദിഖ് രക്ഷപ്പെടുത്തിയത്. കുറുപ്പംപ്പടി വേങ്ങൂരിലെ തറവാട്ടു വീട്ടില്‍ വന്ന ശേഷം തിരികെ വയനാട് പോകാനാണ് മനോജ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സ്റ്റേഷനില്‍ വച്ച്‌ സിദ്ദിഖിനോട് കോഴിക്കോട് ട്രെയിന്‍ ഏത് പ്ലാറ്റ്ഫോമിലാണ് നിര്‍ത്തുന്നതെന്ന് മനോജ് ചോദിച്ചു. മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണെന്ന് മറുപടി നല്‍കിയ ഉടനെ മനോജ് റെയില്‍വേ ട്രാക്കിലേക്ക് എടുത്തുചാടി. മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എളുപ്പത്തില്‍ എത്തുന്നതിനു വേണ്ടിയാണ് മനോജ് ട്രാക്കില്‍ ഇറങ്ങിയത്.

ഈ സമയമാണ് ഒന്നാം നമ്ബര്‍ ട്രാക്കിലേക്ക് മംഗള എക്സ്പ്രസ് ട്രെയിന്‍ വേഗത്തില്‍ പാഞ്ഞടുത്തത്. ഇതു ശ്രദ്ധിക്കാതെ മനോജ് റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാനുള്ള ശ്രമത്തിലായിരുന്നു. എല്ലാവരും ബഹളം വച്ച്‌ ട്രെയിന്‍ വരുന്നതായി മനോജിനെ അറിയിച്ചു. ലോക്കോ പൈലറ്റും ഇതു കണ്ട് ഉച്ചത്തില്‍ ഹോണ്‍ മുഴക്കി. അതുകേട്ട്് തിരിഞ്ഞു നോക്കിയ മനോജിന് തീവണ്ടി വരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ട്രാക്കില്‍നിന്ന് അനങ്ങാന്‍ കഴിയാത്ത വിധത്തില്‍ നിശ്ചലനായി പോയ മനോജിന്റെ കൈയില്‍ ദൈവത്തിന്റെ കരം പോലെ സിദ്ദിഖ് ചേര്‍ത്തു പിടിക്കുകയായിരുന്നു. പ്ലാറ്റ്ഫോമില്‍ നിന്ന സിദ്ദിഖ് സര്‍വ ശക്തിയുമെടുത്ത് മനോജിനെ മുകളിലേക്ക് ആഞ്ഞുവലിച്ചു. ഒറ്റ വലിയില്‍ തന്നെ മനോജും സിദ്ദിഖും പ്ലാറ്റ്ഫോമിലേക്ക് വീണു. തൊട്ടടുത്ത നിമിഷം ഹോണ്‍ മുഴക്കി മംഗള എക്സ്പ്രസ് അവരുടെ അരികിലൂടെ കടന്നു പോയി.

Advertisements

അവിടെയുണ്ടായിരുന്നവര്‍ ഒച്ചയെടുത്തും ശ്വാസമടക്കിയുമാണ് ഈ രംഗങ്ങള്‍ കണ്ടത്. യാത്രക്കാര്‍ ഓടിയെത്തി എ.എസ്.ഐ. സിദ്ദിഖിനെ അഭിനന്ദിച്ചു. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവിതത്തിലേക്കു തിരിച്ചുവന്ന മനോജിനെ യാത്രക്കാര്‍ ആശ്വസിപ്പിച്ചു. വെള്ളവും നല്‍കി. കോതമംഗലം നെല്ലിക്കുഴി സ്വദേശിയായ സിദ്ദിഖ് കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ ഒന്നരക്കൊല്ലമായി റെയില്‍വേയില്‍ ജോലി ചെയ്യുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *