തിരുവനന്തപുരം ജില്ലയില്‍ എച്ച്1എന്‍1

തിരുവനന്തപുരം: ജില്ലയില്‍ എച്ച്1 എന്‍1 കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഗര്‍ഭിണികള്‍, രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, പ്രമേഹ, രക്താദിസമ്മര്‍ദ രോഗികള്‍, വൃക്ക, കരള്‍ രോഗികള്‍, ഹൃദ്രോഗ, ക്യാന്‍സര്‍ ബാധിതര്‍, ദീര്‍ഘകാല ചികിത്സയിലുള്ളവര്‍ എന്നിവര്‍ക്ക് അണുബാധയുണ്ടായാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
ഈ മാസം ഇതുവരെ ജില്ലയില്‍ 11 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒമ്ബതിന് എച്ച്1എന്‍1 ബാധിച്ച് നെടുമങ്ങാട് ആറുവയസ്സുകാരന് മഹാദേവ് മരിച്ചിരുന്നു. മറ്റ് മൂന്ന് കുട്ടികളിലും രോഗം സ്ഥിരീകരിച്ചു. അടിയന്തരചികിത്സ നല്കിയ ഇവര്‍ സുഖം പ്രാപിച്ചുവരുന്നു. 16നാണ് അവസാനമായി ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതയായ തിരുവല്ലം സ്വദേശി ഉഷ (49) സുഖം പ്രാപിച്ച് വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കലശലായ തൊണ്ടവേദനയോടെയുള്ള പനി, ചുമ, ശ്വാസംമുട്ടല്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളില്‍ എത്തുന്ന മുഴുവന്‍ ആളുകളുടെയും സാമ്ബിള്‍ ശേഖരിച്ച് പരിശോധിച്ചുവരുന്നു. ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് മൂക്കും വായും മൂടണം. എളുപ്പം ദഹിക്കുന്ന ആഹാരം കഴിക്കുകയും നന്നായി വിശ്രമിക്കുകയും ചെയ്യണം. പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് ശ്രമിക്കാതെ ഏറ്റവും അടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

