തിരുവങ്ങൂർ കേരള ഫീഡ്സിൽ ജൂൺ 9 ന് ഉൽപ്പാദനം തുടങ്ങും

കൊയിലാണ്ടി: തിരുവങ്ങൂരിലെ കേരള ഫീഡ്സിൽ നിന്നും വ്യാവസായികാടിസ്ഥാനത്തിൽ കാലി തീറ്റ ഉൽപ്പാദനം ആരംഭിക്കും. പദ്ധതി ജൂൺ 9 ന് ക്ഷീരവികസന മന്ത്രി കെ. രാജു ഉൽഘാടനം ചെയ്യും. 2016 ജനുവരി 9 ന് ഉൽഘാടനം ചെയ്ത ഫാക്ടറി സാങ്കേതിക നൂലാമാലകളിൽപ്പെട്ട് ഉൽപാദനം ആരംഭിക്കാൻ സാധിച്ചിരുന്നില്ല.
ദിവസേന 300 മെട്രിക് ടൺ കാലി തീറ്റ ഉൽപ്പാദിപ്പിക്കുവാൻ ശേഷിയുള്ള അന്താരാഷ്ട്ര നിലവാരമുള്ള യന്ത്രസാമഗ്രികളുടെയും അത്യാധുനിക സാങ്കേതിക വിദ്യയുടെയും സഹായത്തോടെ പൂർണ്ണമായും കംപ്യൂട്ടർവത്കരിച്ച ഹൈടെക് ഫാക്ടറിയാണ് തിരുവങ്ങൂരിലേത്.

ഫാക്ടറിയുടെ ഉൽപാദനം പൂർണമാകുന്നതോടെ മലമ്പാറിലെ ക്ഷീരകർഷകർക്ക് ന്യായമായ വിലയ്ക്ക് കാലി തീറ്റ ലഭ്യമാക്കാൻ സാധിക്കും. ഇത് പാലുൽപാദനം ഗണ്യമായി വർധിപ്പിക്കാൻ സഹായകമാവും. പശുവളർത്തൽ ലാഭകരമാക്കാൻ ക്ഷീര കർഷകർക്കായി കേരള ഫീഡ്സ് പുതിയ ഉൽപ്പന്നങ്ങളും വിപണിയിലിറക്കും. പാലുൽപാദനത്തിനും പശുക്കളുടെ സമഗ്ര ആരോഗ്യത്തിനും വന്ധ്യതാ നിവാരണത്തിനും ഫലപ്രദമായതാണ് പുതിയ കാലി തീറ്റകൾ.

ജൂൺ 9 ന് കാലത്ത് 11 മണിക്ക് നടക്കുന്ന ഉൽഘാടന ചടങ്ങിൽ കെ.ദാസൻ എം.എൽ.എ.അദ്ധ്യക്ഷനായിരിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. മുഖ്യാതിഥിയായിരിക്കും. ഉൽപ്പാദനം തുടങ്ങുന്നതിന്റെ ഭാഗമായി ട്രയൽ റൺ പൂർത്തിയാക്കിയതായി കേരള ഫീഡ്സ് ഉന്നത അധികാരികൾ വ്യക്തമാക്കി.

വ്യാവസായികമായി ഉൽപ്പാദനം ആരംഭിക്കുന്നതിന്റെ ഭാഗമായി ഫാക്ടറിയിൽ ട്രയൽ റൺ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. ഉൽപാദനം ആരംഭിക്കുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ കാലിത്തീറ്റ ഫാക്ടറിയായിരിക്കും തിരുവങ്ങൂരിലേത്.
