താലൂക്ക് ആശുപത്രി സംഭവം: വിശദീകരണവുമായി സ്റ്റാഫ് കൗൺസിലും രംഗത്ത്
        കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തിനു വിശദീകരണവുമായി സ്റ്റാഫ് കൗൺസിൽ രംഗത്തെത്തി. സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് 1-30 മുതൽ രാത്രി. 8 മണി വരെ 250 ഓളം രോഗികൾ എത്തിയതായും കൂടാതെ 57 രോഗികൾ ഒബ്സർവേഷനിൽ ഉള്ളതായും ഇതിനെല്ലാം പുറമെ അത്യാഹിത സ്വഭാവമുള്ള കേസുകൾ വേറെയും ഇതെല്ലാം നോക്കാൻ ഒരു ഡോക്ടർമാത്രമെ ഉണ്ടായിരുന്നുള്ളൂ. വീഡിയോ ചിത്രീകരിച്ച ഷൈജു തന്റെ മകനെ കാണിക്കാൻ എത്തിയതെന്നാണ് പറയുന്നത്. 
ഈ സമയം ഡോക്ടർ അത്യാഹിത സ്വഭാവമുള്ള കേസ് നോക്കുകയായിരുന്നു. തന്റെ ഊഴം വരെ കാത്തു നിൽക്കാൻ ക്ഷമയില്ലാതെ ഷൈജു ഡോക്ടറോട് തട്ടിക്കയറുകയായിരുന്നു. തുടർന്ന് ഡോക്ടറുടെയും, ആശുപത്രി ജീവനക്കാരുടെയും വീഡിയോ എടുത്ത് ഫെയ്ബുക്കിൽ ലൈവിടുകയായിരുന്നു. ഇത് ഡോക്ടർ ചോദ്യം ചെയ്തപ്പോൾ ഡോക്ടറോട് തട്ടി കയറി. സംഭവ ദിവസം സുപ്രണ്ട് അവധിയായതിനാലാണ് ഡോക്ടർ നേരിട്ട് പരാതി നൽകിയത്. 
സംഭവത്തെപ്പറ്റി യാതൊരറിവുമില്ല എന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതകൾക്ക് നിരക്കാത്തതാണ്. സംഭവത്തിൽ മറ്റൊരു പരാതിയും പോലീസിനു നൽകിയിട്ടുണ്ട്. ഷൈജുവിന്റെ മകനെ ഗുരുതരാവസ്ഥയിലല്ല കൊണ്ടുവന്നത് എന്നാണ് മനസിലാക്കുന്നത്. ചികിത്സ നിഷേധിച്ചിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിക്കേണ്ടതുകൊണ്ടാണ് ചികിത്സ വൈകാനിടയായത് എന്നാൽ ഇയാൾ ഡോക്ടറെ മറ്റ് രോഗികളെ പരിശോധിക്കാൻ അനുവദിക്കാതെ ഡോക്ടറുടെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയായിരുന്നു. 
താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാർ ഏറെ പ്രയാസം അനുഭവിച്ചാണ് ജോലി ചെയ്യന്നതെന്നും പൊതു പ്രവർത്തകരും ജനങ്ങളും വസ്തുതകൾ മനസ്സിലാക്കണമെന്ന് സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ. സുനിൽകുമാർ അഭ്യർത്ഥിച്ചു.


                        



