തലസ്ഥാന നഗരത്തില്‍ എ.ടി.എമ്മുകളില്‍ വ്യാപക തട്ടിപ്പ് : ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു

തിരുവനന്തപുരം> തലസ്ഥാന നഗരത്തില്‍ എ.ടി.എമ്മുകളില്‍ വ്യാപക തട്ടിപ്പ്. അന്‍പതോളം ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു. എസ്.ബി.ടി, ഫെഡറല്‍ ബാങ്ക് എന്നിവയുടെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. വെള്ളയന്പലം ആല്‍ത്തറ ജംഗ്ഷനിലുള്ള എ.ടി.എമ്മില്‍ പോലീസ് പരിശോധന നടത്തി. ‘റോബിന്‍ഹുഡ്’ സിനിമയെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള തട്ടിപ്പാണ് നടന്നിരിക്കുന്നത്. എ.ടി.എം സെന്ററുകള്‍ക്ക് ഉള്ളില്‍ ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ച് പിന് നന്പര് ചോര്‍ത്തിയാണ് ഹൈടെക് തട്ടിപ്പ് നടന്നിട്ടുള്ളത്.
വട്ടിയൂര്‍ക്കാവ്, നെടുമങ്ങാട് എന്നിവിടങ്ങളിലെ മൂന്ന് പോലീസ് സ്റ്റേഷനുകളിലായി അന്‍പതോളം പേരാണ് ഇതുവരെ പരാതിയുമായി എത്തിയിട്ടുള്ളത്. പോലീസിന്റെ പരിശോധനയില്‍ എ.ടി.എം മെഷീനു മുകളില്‍ സ്ഥാപിച്ച ഉപകരണത്തിലൂടെ എ.ടി.എം കാര്‍ഡിലെ നന്പറും പിന്നന്പറും ചോര്‍ത്തിയെടുക്കുകയായിരുന്നുവെന്ന് കണ്ടെത്തി.

മുംബൈയില്‍െ വറോളിയില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. പണം പിന്‍വലിച്ചതായി മൊബൈല്‍ ഫോണില്‍ സന്ദേശം ലഭിച്ചതോടെയാണ് ഇടപാടുകാര്‍ നെറ്റ് ബാങ്കിംഗ് വഴി നടത്തിയ അന്വേഷണത്തില്‍ വറോളിയില്‍ നിന്നാണ് പണം പിന്‍വലിച്ചതെന്ന് കണ്ടെത്തിയതായി പണം നഷ്ടപ്പെട്ട സജിന്‍ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 1.10നു ശേഷമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. എല്ലാവര്ക്കും ഇതേ സമയത്തുതന്നെയാണ് പണം നഷ്ടമായിരിക്കുന്നത്. എസ്.ബി.ടി ബാങ്ക് കെട്ടിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എ.ടി.എമ്മിലാണ് ഇലക്ട്രോണിക് ഉപകരണം ഒളിപ്പിച്ച് വച്ച് എ.ടി.എം കാര്‍ഡിലെ വിവരവങ്ങള്‍ ചോര്‍ത്തിയത്. വളരെ തിരക്കേറിയ റോഡിലുള്ളതാണ് ഈ എ.ടി.എം സെന്റര്‍. കാമറ നിരീക്ഷണത്തിലുള്ള എ.ടി.എമ്മുകളില്‍ ഇത്തരം ഉപകരണങ്ങള്‍ സ്ഥാപിച്ചത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്.

