തമിഴ്‌നാട്ടില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം: ജസ്‌നയുടേതാണോയെന്ന് പരിശോധിക്കും

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപ്പുരം ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌നയുടേതാണോയെന്ന് പരിശോധന നടത്തും. മെയ് 28നാണ് മൃതദേഹം കണ്ടെത്തിയത്. കേരള പൊലീസ് അന്വേഷണത്തിനായി അവിടേക്ക് പുറപ്പെട്ടു.
മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. മകളെ തട്ടികൊണ്ടുപോയെന്ന് കാണിച്ചാണ് ജസ്‌നയുടെ അച്‌ഛന്‍ ജെയിംസ് ജോസഫ് പരാതി നല്‍കിയത്. കാണാതായി 70 ദിവസമായിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ല.

കുറ്റിക്കാട്ടില്‍ കണ്ടെത്തിയ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹത്തിന്റെ പല്ലില്‍ ക്ലപ്പിട്ടിട്ടുണ്ട്. ജസ്‌നയും പല്ലില്‍ ക്ലിപ്പിട്ടിരുന്നു. ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

കാഞ്ഞിരപ്പള്ളി സെയ്‌ന്റ് ഡൊമനിക് കോളേജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥിയാണ് ജെസ്‌ന. പിതാവിന്റെ സഹോദരിയുടെ മുണ്ടക്കയത്തുള്ള വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ജസ്‌ന വീട്ടില്‍നിന്നും പോയത്. ഇതിനിടെ ബംഗളൂരുവില്‍ കണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് പൊലീസ് അവിടെയും അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല.

