ജാതി മാറി വിവാഹം കഴിച്ച ദമ്പതികള്‍ക്കു നേരെ ആക്രമണം

ഹൈദരാബാദ്: ജാതി മാറി വിവാഹം കഴിച്ച ദമ്പതികള്‍ക്കു നേരെ ആക്രമണം. സന്ദീപ്-മാധവി ദമ്പതികള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഹൈദരാബാദിലെ എസ് ആര്‍ നഗറില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മാധവിയുടെ അച്ഛനാണ് ആക്രമണം നടത്തിയത്. അരിവാള്‍ കൊണ്ടാണ് ഇയാള്‍ സന്ദീപിനെയും മാധവിയെയും ആക്രമിച്ചത്.
സന്ദീപിന് മുഖത്ത് ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. സന്ദീപ് അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം മാധവിയുടെ നില ഗുരുതരമാണ്. മാധവിയെ പിന്നീട് യശോദ ആശുപത്രിയിലേക്ക് മാറ്റി.

മാധവിക്കും സന്ദീപിനും നേരെയുണ്ടായ ആക്രമണം സമീപത്തു സ്ഥാപിച്ചിരുന്ന സിസി ടിവിയില്‍ പതിഞ്ഞിരുന്നു. ബൈക്കില്‍ ഇരിക്കുകയായിരുന്ന മാധവിയെയും സന്ദീപിനെയും പിന്നിലൂടെ എത്തിയ മാധവിയുടെ പിതാവ് അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു.

ഒരാഴ്ച മുമ്ബ് ആര്യസമാജക്ഷേത്രത്തില്‍ വച്ചാണ് സന്ദീപും മാധവിയും വിവാഹിതരായാത്. വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് മാധവിയെയും സന്ദീപിനെയും മാധവിയുടെ പിതാവ് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് മാധവിയും സന്ദീപും സ്ഥലത്തെത്തിയപ്പോള്‍ മാധവിയുടെ പിതാവ് ആക്രമിക്കുകയായിരുന്നുവെന്ന് സന്ദീപിന്റെ സുഹൃത്ത് മാധ്യമങ്ങളോടു പറഞ്ഞു.

മാധവിയുടെ കുടുംബത്തിന് വിവാഹത്തോട് താത്പര്യമുണ്ടായിരുന്നില്ല. ആക്രമണത്തിനു ശേഷം മാധവിയുടെ അച്ഛന്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
