ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ എവിടെയെത്തുമെന്ന് ഉറപ്പില്ല: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ എവിടെ നില്‍ക്കുമെന്ന് ആര്‍ക്കും ഉറപ്പിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ വക്താവുതന്നെ മറുഭാഗത്തേയ്ക്കുപോയി. നേതാക്കള്‍ ഒന്നൊന്നായി തങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്തേക്ക് പോകുന്നു.ഗുജറാത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച അഞ്ചോളം പേര് ഇപ്പോള്‍ ബിജെപിയിലാണ്. ഇ എം എസ്–എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി ഇ എം എസ് അക്കാദമിയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പണമിട്ട് മൂടിയാലും ഇടതുപക്ഷ പ്രതിനിധികളെ ആര്‍ക്കും മാറ്റാന്‍ കഴിയില്ലെന്നതാണ്, അവര്‍ക്കുള്ള ജനകീയ വിശ്വാസത്തിന്റെ അടിത്തറ. മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനുമായി അവര്‍ ഉറച്ചുനില്‍ക്കും. വര്ഗശക്തികള്ക്കെതിരെ അവസാനശ്വാസംവരെ പോരാടും. ജനപ്രതിനിധി കാലുമാറുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണം.

ബിജെപി ഭരണത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന കൊടും ദുരിതങ്ങള്‍ കാണാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല. പശുവിന്റെ പേരിലുള്ള അക്രമങ്ങളില്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഒരേ നിലപാടാണ്. ഗോവധം ആരോപിച്ചുള്ള കൊലപാതകങ്ങളെ കോണ്‍ഗ്രസും അനുകൂലിക്കുന്നു.

രാമക്ഷേത്രത്തിന്റെ പേരില്‍ കലാപ ശ്രമമാണ് ബിജെപിയെ മുന്നില്‍നിര്‍ത്തി ആര്‍എസ്എസ് നടത്തുന്നത്.ഈസമയത്താണ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് പ്രഖ്യാപിക്കുന്നത്. ഇത് ആരെ സഹായിക്കാനാണെന്ന് വ്യക്തം. ബിജെപിയുടെ വര്ഗീയപ്രീണനത്തെ അതേപടി സഹായിക്കുകയാണ് കോണ്‍ഗ്രസ്.

രണ്ടാം യുപിഎ സര്‍ക്കാര്‍ പൂര്‍ണമായും ജനദ്രോഹപരമായതിന്റെ ഭാഗമായാണ് രാജ്യത്തെതന്നെ അപകടസന്ധിയിലേക്ക് തള്ളിയ വര്‍ഗീയശക്തികളുടെ അധികാരാരോഹണം വീണ്ടുമുണ്ടായത്. ഇതെല്ലാം മറന്നാണ് കോണ്‍ഗ്രസ് വീണ്ടും വര്‍ഗീയപ്രീണന കാര്‍ഡുമായി തെരഞ്ഞെടുപ്പിനെത്തുന്നത്. ഇങ്ങനെ ജയിക്കുന്നവരില്‍ എത്രപേര്‍ ബിജെപിയുടെ ഭാഗമാകുമെന്നതാണ് ഇനി കണ്ടറിയേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.`
