ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് കൊല്ലം ശാസ്താംകോട്ട ക്ഷേത്ര റോഡില്‍ പഴയ പൊലീസ് എയിഡ് പോസ്റ്റിനോട് ചേര്‍ന്ന് ടൗവലില്‍ പൊതിഞ്ഞ നിലയില്‍ കാണപ്പെട്ടത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കുഞ്ഞിനെ പെട്ടെന്നു തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രസവിച്ച് മൂന്നു ദിവസം പ്രായമുള്ള പെണ്‍കുട്ടിയാണെന്നാണ് നിഗമനം. വിദഗ്ധമായ പരിശോധനയില്‍ കുത്തിന് ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിനെ കൊല്ലം ജില്ലാ ആശുപത്രിയിലെ അമ്മത്തൊട്ടിലിലേക്ക് മാറ്റി. ഉപേക്ഷിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ശാസ്താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

