ചൂര്‍ണിക്കര ഭൂമി കേസിലെ മുഖ്യഇടനിലക്കാരന്‍ അബു പൊലീസ് പിടിയിലായി

കൊച്ചി: ചൂര്‍ണിക്കര ഭൂമി കേസിലെ മുഖ്യഇടനിലക്കാരന്‍ അബു പൊലീസ് പിടിയിലായി. കാലടി സ്വദേശിയായ അബുവിനെ എറണാകുളം റൂറല്‍ പൊലീസാണ് പിടികൂടിയത്. ഇയാളെ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
വ്യാജരേഖ ഉണ്ടാക്കാന്‍ ഉന്നത റവന്യു ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന് ചോദ്യം ചെയ്യല്ലില്‍ അബു മൊഴി നല്‍കിയതായാണ് വിവരം. റവന്യൂവകുപ്പിലെ തിരുവനന്തപുരത്തുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സഹായമാണ് ഇയാള്‍ക്ക് കിട്ടിയതെന്നാണ് കരുതുന്നത്. ഇയാളെ ചോദ്യം ചെയ്യുന്ന സ്ഥലത്തേക്ക് ചൂര്‍ണിക്കര വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുയിട്ടുണ്ട്. ഇവരുടെ സാന്നിധ്യത്തില്‍ ഇയാളെ ചോദ്യം ചെയ്യുന്നത് തുടരും.

വ്യാജരേഖ നിര്‍മിച്ചത് അബു ആണെന്ന വിവരം ഭൂവുടമ വെളിപ്പെടുത്തിയത് മുതല്‍ ഇടനിലക്കാരന് ഒളിവിലായിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് കാലടി ശ്രീഭൂതപുരത്തെ അബുവിന്റെ വീട്ടില്‍ പൊലീസ് റൈഡ് നടത്തുകയും. ഇയാള്‍ വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വ്യാജരേഖ നിര്‍മിക്കാന്‍ ഉദ്യോഗസ്ഥ സഹായം പ്രതിക്ക് ലഭിച്ചിരിക്കാം എന്നാണ് വിജിലന്‍സ് കരുതുന്നത്.

