ചീഫ് ജസ്റ്റിസിന് എതിരായ പരാതി; വേരിലേക്കിറങ്ങി അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ദില്ലി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണ പരാതിയുടെ വേരിലേക്കിറങ്ങി ചെന്ന് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് എതിരായ ആക്ഷേപമല്ല ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചനയാണ് ബഞ്ച് പരിഗണിക്കുന്നതെന്ന് ജസ്റ്റിസ് നരിമാന്‍ പറഞ്ഞു. വേരിലേക്കിറങ്ങി ചെന്ന് അന്വേഷിക്കുമെന്നും അതല്ലെങ്കില്‍ സുപ്രീം കോടതി നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. മുന്‍ വിധിയോടെ അന്വേഷണം പാടില്ലെന്ന് ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസിനെതിരെ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ ബഞ്ചില്‍ ഉന്നയിക്കരുതെന്നും ചീഫ് ജസ്റ്റിസിന് എതിരായ ഗൂഢാലോചനയാണ് ബഞ്ച് പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നു എന്നുകാട്ടി അഭിഭാഷകനായ ഉത്സവ് ബെയിന്‍സ് നല്‍കിയ സത്യവാങ്മൂലത്തിലെ ഉള്ളടക്കം അറിയണമെന്ന് പ്രമുഖ അഭിഭാഷക ഇന്ദിര ജയ്സിംഗ് ആവശ്യപ്പെട്ടു. അഭിഭാഷകന്‍റെ കത്ത് പുറത്തുവിടാനാകില്ലെന്ന‌് ജസ്റ്റിസ് അരുണ്‍ മിശ്ര മറുപടി നല്‍കി.

സുപ്രീംകോടതിയില്‍ നിന്ന് പുറത്താക്കപ്പെട്ട ചില ജീവനക്കാരാണ് ചീഫ് ജസ്റ്റിസിന് എതിരായ ഗൂഡാലോചനക്ക് പിന്നിലെന്ന് ആരോപണമുണ്ടെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന അറിയണമെന്നും അന്വേഷണം നടത്തി അത് കണ്ടെത്തണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരായ ഗൂഡാലോചന സംബന്ധിച്ച് പുതിയ സത്യവാങ്മൂലം നല്‍കാന്‍ ഉത്സവ് ബെയിന്‍സിനോട് കോടതി ആവശ്യപ്പെട്ടു. കേസ് നാളെ വീണ്ടും പരിഗണിക്കും.

വാദത്തിനിടെ നാടകീയ സംഭവങ്ങള്‍

വാദത്തിനിടെ എജി കെ കെ വേണുഗോപാലിനെതിരെ സംസാരിച്ച ഉത്സവ് ബെന്‍സിനെ കോടതി താക്കീത് ചെയ്തു. എല്ലാവരും ബഹുമാനിക്കുന്ന ആളാണ് വേണുഗോപാലെന്നും ഇനി ഒരിക്കല്‍ കൂടി സംസാരിച്ചാല്‍ കോടതി ബെന്‍സിനെ പിടിച്ച് പുറത്താക്കുമെന്ന് ജസ്റ്റിസ് നരിമാന്‍ ഉത്സവ് ബെയിന്‍സിനോട് പറഞ്ഞു. പുറത്താക്കണ്ട, സ്വയം പുറത്തുപോകാമൊന്ന് ഉത്സവ് ബെന്‍സ് മറുപടി നല്‍കി. പുറത്തേക്ക‌് പോകാനൊങ്ങിയ അഭിഭാഷകനെ കോടതി തിരിച്ചുവിളിച്ചു. നിങ്ങളൊരു ചെറുപ്പക്കാരനല്ലേ, കാര്യങ്ങള്‍ വൈകാരികമായി എടുക്കരുത് ജസ്റ്റിസ് നരിമാന്‍ നിങ്ങളെ വലിച്ചെറിയുമെന്നല്ല പറഞ്ഞത് അദ്ദേഹം ദേഷ്യം പ്രകടിപ്പിച്ചുവെന്നേയുള്ളൂ എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ബെയിന്‍സിനെ സമാധാനിപ്പിച്ചു. ഇതിന് ശേഷമാണ് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബെയിന്‍സിനോട് കോടതി ആവശ്യപ്പെട്ടത്.
