KOYILANDY DIARY.COM

The Perfect News Portal

ചിത്രകാരി ഹേമയും അഭിഭാഷകനും കൊല്ലപ്പെട്ട നിലയില്‍

മുംബൈ :പ്രമുഖ ചിത്രകാരി ഹേമ ഉപാധ്യായയും അഭിഭാഷകനും കൊല്ലപ്പെട്ട നിലയില്‍. ഹേമ (43)യുടെയും ഹരീഷ് ബംബാനി (65)യുടെയും മൃതദേഹം കാണ്ഡിവലിയിലെ അഴുക്കുചാലില്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയിലാണ് കണ്ടത്. കൂട്ടിക്കെട്ടിയ നിലയിലായിരുന്ന മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസം പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ചയ്ക്കുശേഷം വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ഹേമയെ കാണാനില്ലെന്ന് ബന്ധുക്കള്‍ ശനിയാഴ്ച സാന്താക്രൂസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവര്‍ ജൂഹുവില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഹരീഷ് ബംബാനി ഒരു കക്ഷിയെ കാണാനുണ്ടെന്നു പറഞ്ഞ് വീട്ടില്‍നിന്ന് വെള്ളിയാഴ്ച ഇറങ്ങിയതാണ്. രാത്രിയിലും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളുടെ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സെമിത്തേരിക്ക് സമീപമുള്ള അഴുക്കുചാലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പെട്ടി കണ്ട തൂപ്പുകാരനാണ് പൊലീസില്‍അറിയിച്ചത്. ഗുജറാത്ത് ലളിതകലാ അക്കാദമിയുടെയും കേന്ദ്ര ലളിതകലാ അക്കാദമിയുടേതുമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രകാരിയാണ് ഹേമ ഉപാധ്യായ. റോമിലെ മാക്രോ മ്യൂസിയത്തിലടക്കം നിരവധി രാജ്യാന്തര എക്സിബിഷനുകളില്‍ അവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Advertisements

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭര്‍ത്താവും ചിത്രകാരനുമായ ചിന്തനെതിരെ 2013ല്‍ ഹേമ പരാതി നല്‍കിയിരുന്നു.  കൊല്ലപ്പെട്ട ബംബാനിയാണ് അന്ന് ഹേമയ്ക്കായി ഹാജരായത്. ചിന്തനും ഹേമയും 1998ലാണ് വിവാഹിതരായത്. 2010മുതല്‍ ഇവര്‍ പിരിഞ്ഞുകഴിയുകയാണ്.

 

Share news