ചന്ദ്രഭാനുവിനെ കൊലപ്പെടുത്തിയത് മുന്‍ ഡിസിസി പ്രസിഡണ്ടും സഹോദരങ്ങളുമെന്ന് വെളിപ്പെടുത്തൽ

കൊല്ലം: സിപിഐഎം പ്രവര്ത്തകന് ചന്ദ്രഭാനുവിനെ കൊലപ്പെടുത്തിയത്, ആഴ്ചകള്‍ക്ക് മുന്‍പ് മരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് വി. സത്യശീലനും സഹോദരങ്ങളുമാണെന്ന് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ വെളിപ്പെടുത്തല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. ജമീല ഇബ്രാഹിമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആഴ്ചകള്‍ക്കുമുമ്പ് നിര്യാതനായ സത്യശീലനെ അനുസ്മരിച്ച് കഴിഞ്ഞ ദിവസം കൊല്ലം ഡിസിസി ഓഫീസില്‍ പ്രത്യേക സമ്മേളനം ചേര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഉമ്മന്‍ചാണ്ടി എത്തുന്നതിനുമുമ്പ് നടത്തിയ പ്രസംഗത്തിലാണ് ജമീല ഇക്കാര്യം വെളിപ്പെടുത്തിയത്.

എഴുകോണ്‍ പൈറ്റുവിളവീട്ടില് പിഡി ചന്ദ്രഭാനു (25) 1971 മെയ് 12ന് വൈകിട്ട് എഴുകോണ്‍ ജംങ്ഷ
നില്വച്ചാണ് കൊലചെയ്യപ്പെട്ടത്. സത്യശീലനും സഹോദരങ്ങളും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. എഴുകോണ്‍ പ്രദേശത്ത് സിപിഐഎം പ്രവര്‍ത്തകരെ വേട്ടയാടുന്നവരായിരുന്നു സത്യശീലനും കൂട്ടരും. ഇതിനെ ചെറുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു ചന്ദ്രഭാനു. പ്രദേശത്ത് സിപിഐഎമ്മിനെ കെട്ടിപ്പടുക്കുന്നതില്‍ ചന്ദ്രഭാനു മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്.

കൊലക്കേസില്‍ സത്യശീലനായിരുന്നു മുഖ്യപ്രതി. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയ്ക്കൊടുവില് എല്ലാ പ്രതികളെയും വിട്ടയച്ചു. പ്രോസിക്യൂഷന് സംശയാതീതമായി കേസ് തെളിയിച്ചില്ലെന്ന് കാട്ടിയാണ് പ്രതികളെ കോടതി വിട്ടയച്ചത്. എന്നാല്‍ ജമീലയുടെ പരാമര്‍ശത്തോടെ, കൊലപാതകത്തിലെ കോണ്‍ഗ്രസിന്റെ പങ്ക് വ്യക്തമാവുകയാണ്.

