ഗതാഗത കുരുക്ക് രൂക്ഷം: കൊയിലാണ്ടി താമരശ്ശേരി റോഡിലെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കണം

കൊയിലാണ്ടി: ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ കൊയിലാണ്ടിയിൽ താമരശ്ശേരി റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമായി. വാഹനം വഴിതിരിച്ചുവിട്ട റെയിൽവെ മേൽപ്പാലത്തിലെ താമരശ്ശേരി റോഡിലാണ് ടോൾബൂത്തിൽ ഗതാഗക കുരുക്ക് രൂക്ഷമാക്കിയത്. രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ടനിരയാണ് കാണുന്നത്. ചെറുവാഹനങ്ങളിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന നൂറുകണക്കിന് യാത്രക്കാരാണ് ഇത് മൂലം ബുദ്ധിമുട്ടുന്നത്.

താൽക്കാലികമായി ടോൾ പിരിവ് നിർത്തിവെക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കൊയിലാണ്ടി ദേശീയ പാതയിൽ പഴയ സ്റ്റാൻ്റിന് മുൻ ഭാഗം സർക്കിളിൽ ഇൻ്റർലോക്ക് പതിക്കുന്നതിൻ്റെ ഭാഗമായാണ് ഇന്ന് മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയത്. വടകര ഭഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ആനക്കുളം വഴി നെല്ല്യാടി റോഡ് പെരുവട്ടൂർ മുത്താമ്പി റോഡിൽ പ്രവേശിച്ച് കൊയിലാണ്ടി മേൽപ്പാലം കടന്ന് ചെങ്ങോട്ടുകാവ് ദേശീയ പാതയിൽ പ്രവേശിക്കാനാണ് 7ന് ചേർന്ന് ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചത്. എന്നാൽ താമരശ്ശേരി ടോൾ ബൂത്തിൽ എത്തുമ്പോഴേക്കും വൻ ഗതാഗത ക്കുരുക്കിനാണ് ഇത് വഴിവെക്കുന്നത്. ഇന്ന് രണ്ടാം ശനിയാഴ്ച അവധി ദിവസമായിട്ടും ഗതാഗതക്കുരുക്കിന് യാതൊരു കുറവുമില്ല. അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.


