KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്ര പ്രവേശന വിളംബര ദിനം വിപുലമായി ആചരിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം

തിരുവനന്തപുരം; ക്ഷേത്ര പ്രവേശന വിളംബര ദിനം വിപുലമായി ആചരിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. നവംബര്‍ 12നാണ് ക്ഷേത്രപ്രവേശന വിളംബരദിനം. ജില്ലാതല ദിനചാരണത്തിന്‍റെ ചുമതല മന്ത്രിമാര്‍ക്കാണ്. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിന്‍റെ അനുപാതവും മന്ത്രിസഭ അംഗീകരിച്ചു. 75 ശതമാനത്തിന് മുകളില്‍ കെടുപാടുണ്ടായവര്‍ക്ക് പൂര്‍ണ നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം.

1936 നവംബര്‍ 12നാണ് ക്ഷേത്രപ്രവേശന വിളംബരം ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ പുറപ്പെടുവിച്ചത്. വിളംബരത്തിന്‍റെ 82ാം വാര്‍ഷികം വിപുലമായി ആചരിക്കാനാണ് മന്ത്രിസഭാ തീരുമാനം. നവംബര്‍ 10 മുതല്‍ 12 വരെയായി പ്രഭാഷണങ്ങള്‍, ആശയ പ്രചരണത്തിന്‍റെ ഭാഗമായി പ്രദര്‍ശനം എന്നിയാണ് സംഘടിപ്പിക്കുക.

ഒാരോ ജില്ലകളിലും ഇതിന്‍റെ ഭാഗമായുള്ള പരിപാടികള്‍ നടത്തും. അതാത് മന്ത്രിമാര്‍ക്കായിരിക്കും ജില്ലാതല ദിനാചരണ പരിപാടിയുടെ ചുമതല. ശബരിമല യുവതി പ്രവേശന വിധിയുടെയും നിലവിലെ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാര്‍ തീരുമാനം.

Advertisements

പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിന് പ്രത്യേക അനുപാതവും സര്‍ക്കാര്‍ തയ്യാറാക്കി. വീടുകള്‍ക്ക് 75 ശതമാനവും അതിനു മുകളിലും കെടുപാട് ഉണ്ടായവര്‍ക്ക് പൂര്‍ണ നഷ്ടപരിഹാരമായ 4 ലക്ഷം രൂപ നല്‍കുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.

15 ശതമാനം വരെ കെടുപാട് സംഭവിച്ച വീടുകള്‍ക്ക് 10,000 രൂപ, 16 മുതല്‍ 29 ശതമാനം വരെ കെടുപാടുണ്ടെങ്കില്‍ 60,000, 30 മുതല്‍ 59 ശതമാനം വരെയുളള കെടുപാടുകള്‍ക്ക് ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരം, 60 മുതല്‍ 74 ശതമാനം വരെ വീടുകള്‍ക്ക് കെടുപാടുണ്ടായവര്‍ക്ക് രണ്ടര ലക്ഷം എന്നിങ്ങനെയാകും നഷ്ടപരിഹാരത്തിന്‍റെ അനുപാതം. നഷ്ടപരിഹാരം എത്രയും വേഗത്തില്‍ വിതരണം ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *