KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്തുഫാക്റ്ററി ഏറ്റെടുക്കല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

കോഴിക്കോട്: അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട് നഗരഹൃദയത്തിലെ കോംട്രസ്റ്റ് നെയ്ത്തുഫാക്റ്ററി ഏറ്റെടുക്കല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഒളിഞ്ഞും തെളിഞ്ഞും കോംട്രസ്റ്റ് ഏറ്റെടുക്കല്‍ താമസിപ്പിച്ചവര്‍ക്ക് ഇത് കനത്ത തിരിച്ചടിയുമായി.

2012 ജൂലൈ 25ന് നിയമസഭ ഏകകണ്ഠമായാണ് കോമണ്‍വെല്‍ത്ത് ട്രസ്റ്റ് കോഴിക്കോട് (ഏറ്റെടുക്കലും കൈമാറ്റവും) ബില്‍ 2012 നിയമസഭ അംഗീകരിച്ചത്. നിലവിലുള്ള തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് വ്യവസായ മ്യൂസിയവും ഉല്‍പ്പാദനകേന്ദ്രവും ആരംഭിക്കാന്‍ ഉദ്ദേശിച്ചാണ് നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്.

2009 ഫെബ്രുവരി ഒന്നു മുതല്‍ കമ്പനി പൂട്ടിയ സാഹചര്യത്തിലാണ് 175 വര്‍ഷത്തിലേറെ പഴക്കമുള്ള കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയും സ്ഥലവും ഏറ്റെടുക്കാന്‍ നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചത്. മാനേജ്മെന്റിന്റെയും സിപിഎമ്മിന്റെയും സിഐടിയുവിന്റെയും എതിര്‍പ്പിനെ മറികടന്ന് സംയുക്ത കോംട്രസ്റ്റ് വീവിംഗ് ആക്ഷന്‍ കമ്മറ്റിയുടെ സമരത്തിന്റെ വിജയമാണ് ഇതിലൂടെ ഉണ്ടായത്.

Advertisements

ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. രാമചന്ദ്രന്‍ രക്ഷാധികാരിയും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്‍ ചെയര്‍മാനും എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ഇ.സി. സതീശന്‍ ജനറല്‍ കണ്‍വീനറുമായ സമര സമിതിയാണ് 2009 മുതല്‍ നടക്കുന്ന സുദീര്‍ഘകാലത്തെ സമരത്തിന് നേതൃത്വം കൊടുത്തത്. ഫാക്ടറി പൂട്ടുമ്പോള്‍ 287 തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

സിഐടിയു നേതൃത്വത്തിലുള്ളവര്‍ ആനുകൂല്യം വാങ്ങി കമ്പനിയില്‍ നിന്ന് പിരിഞ്ഞുപോയി. അവശേഷിച്ച 107 പേരാണ് സമരസമിതിയുടെ നേതൃത്വത്തില്‍ സമരം തുടര്‍ന്നത്. ഇതില്‍ രണ്ടു പേര്‍ ഇതിനകം മരിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിച്ച 5000 പ്രതിമാസ ആനുകൂല്യത്തിലാണ് തൊഴിലാളികള്‍ ജീവിതം തള്ളിനീക്കിയത്.

ഇതിനിടെ നെയ്ത്തു ഫാക്ടറിയുടെ 1.63 ഏക്കര്‍ ഭൂമി മാനേജ്മെന്റിന്റെ സ്വകാര്യസംരംഭകരായ പ്യൂമിസ് പ്രൊജ്ക്‌ട്സ് ആന്റ് പ്രോപ്പര്‍ട്ടീസ് സ്വന്തമാക്കിയിരുന്നു. സ്ഥലം കൈമാറ്റം പാടില്ലെന്ന കലക്ടറുടെ ഉത്തരവിനെ ലംഘിച്ചാണ് നടന്നത്. സിപിഎം നേതാക്കളുടെ നേതൃത്വത്തിലുള്ള ടൂറിസം സൊസൈറ്റി 45 സെന്റ് ഭൂമിയും കൈക്കലാക്കി. ബില്ലിലെ വ്യവസ്ഥകള്‍ക്ക് വിശദീകരണം ചോദിച്ചുകൊണ്ട് കേന്ദ്രമന്ത്രാലയങ്ങളില്‍ നിന്ന് അയച്ച കത്തുകള്‍ക്ക് യഥാസമയം വിശദീകരണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാണിച്ചുവെന്ന ആരോപണം ഉയര്‍ന്നു.

ഇതിനിടയിലാണ് സ്ഥലവില്‍പ്പന നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ നേരിട്ട് സംയുക്തസമരസമിതി നേതാക്കള്‍ കണ്ടതോടെയാണ് ഏറ്റെടുക്കല്‍ നടപടികള്‍ ദ്രുതഗതിയിലായത്. ബില്‍ നിയമമാകുന്നതോടെ വിറ്റ സ്ഥലങ്ങള്‍ ഏറ്റെടുക്കാന്‍ അതില്‍ വ്യവസ്ഥയുണ്ട്.

കോംട്രസ്റ്റ് ഏറ്റെടുത്ത് 2010 ജൂണ്‍ 9ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചെങ്കിലും നിയമസഭ അംഗീകരിച്ച ബില്‍ അയക്കണമെന്നായിരുന്നു രാഷ്ട്രപതി ഭവനില്‍ നിന്ന് ലഭിച്ച മറുപടി. തുടര്‍ന്ന് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാറാണ് ബില്‍

അവതരിപ്പിച്ചത്. ബില്ലിന് അംഗീകാരം ലഭിച്ചതോടെ അനധികൃതമായി കൈമാറ്റം ചെയ്ത ഭൂമി അടക്കം 1.5547 ഹെക്ടര്‍ സ്ഥലം സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ഏറ്റെടുക്കും. സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *