കൊയിലാണ്ടി സിറ്റി സെൻ്റർ ബിൽഡിംഗിലെ നിർമ്മാണം അനധികൃതമെന്ന് വിവരാവകാശ രേഖ: – പൊളിച്ചു നീക്കാൻ നഗരസഭ നോട്ടീസ് നൽകി

കൊയിലാണ്ടി സിറ്റി സെന്റർ ബിൽഡിംഗിലെ നിർമ്മാണം അനധികൃതം- വിവരാവകാശ രേഖ പുറത്ത്
കൊയിലാണ്ടി: പുതിയ ബസ്സ് സ്റ്റാൻ്റിന് കിഴക്ക് ഭാഗം സ്ഥിതിചെയ്യുന്ന സിറ്റി സെൻ്റർ ബിൽഡിംഗിലെ പോർച്ച് നിർമ്മാണം അനധികൃതമെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇതോടെ കയ്യേറ്റം പൊളിച്ച് നീക്കാൻ നഗരസഭ നോട്ടീസ് നൽകി. ബിൽഡിംഗിലെ പാർക്കിംഗ് സ്ഥലം കെട്ടി അടച്ച് മറ്റ് ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതായും പാർക്കിംഗ് സ്ഥലം നഗരസഭ റോഡിലേക്ക് മാറ്റിയതോടെ ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിൽ വലിയ പരാതിയാണ് ഉയർന്നത്. ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. കെട്ടിടത്തിന് അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് ഉണ്ടായിരുന്നത് ഗ്രിൽസ് ഉപയോഗിച്ച് മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണിപ്പോൾ. ഇതോടെയാണ് കെട്ടിടത്തിൽ പാർക്കിംഗ് നഷ്ടമാവുന്ന സ്ഥിതി ഉണ്ടായത്.
നഗരസഭ ലിങ്ക് റോഡിൽ നിന്ന് കെട്ടിടത്തിലേക്ക് പ്രവേശിക്കേണ്ട മുൻവശം ഒരടിയോളം കോൺഗ്രീറ്റ് ചെയ്ത് ഉയർത്തി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് പോർച്ച് നിർമ്മിച്ചിരിക്കുകയാണിപ്പോൾ. അതിന് നഗരസഭയിൽ അപേക്ഷ നൽകുകയോ പെര്മിറ്റ് എടുക്കുകയാ ചെയ്തിട്ടില്ല. ഇതോടെ 3 നിലകളിലിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ നിരവധി വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഉടമകളുടെയും വാഹനങ്ങൾ റോഡിലേക്ക് നിർത്തിയിടേണ്ട അവസ്ഥയാണുള്ളത്.

ഇതാണെങ്കിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിരിക്കുകയാണ്. മാധ്യമങ്ങളിൽ വാർത്ത വന്നതോടുകൂടിയാണ് സ്വകാര്യവ്യക്തി നഗരസഭയിൽ വിവരാവകാശത്തിന് അപേക്ഷ സമർപ്പിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം കിട്ടിയ മറുപടിയിൽ നിർമ്മാണം അനധികൃതമാണെന്ന് വ്യക്തമായിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റുന്നതിന് നഗരസഭ നോട്ടീസ് നൽകിയിട്ടുണ്ടെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

