കൊയിലാണ്ടി നഗരസഭ തൊഴിൽമേള: 213 പേർക്ക് ജോലി ലഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും, ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷൻ കൊയിലാണ്ടിയും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ മേളയിൽ 213 പേർക്ക് ജോലി ലഭിച്ചു. 351 പേരുടെ ചുരുക്കപ്പട്ടിയും തയ്യാറാക്കി. 891 ഉദ്യോഗാർത്ഥികളും 27 കമ്പനികളും മേളയിൽ പങ്കെടുത്തു. കൊയിലാണ്ടിയിൽ ആദ്യമായാണ് ഒരു തൊഴിൽ മേള നടക്കുന്നതെന്നും സംസ്ഥാനസർക്കാർ കൂടുതൽ തൊഴിൽ സാധ്യതകൾ കൊണ്ടുവരാനുള്ള പദ്ധതികൾ ആവീഷ്കരിക്കുന്നുണ്ടെന്നും എം എൽ എ. കെ. ദാസൻ പറഞ്ഞു. തൊഴിൽമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി ഇ.എം.എസ് ടൗൺഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ അധ്യക്ഷത വഹിച്ചു.
തൽസമയ ഇന്റർവ്യൂവിൽ ജോലി ലഭിക്കാതെ പോവുന്നവർക്ക് ജി-ടെക് കമ്പ്യൂട്ടർ സെന്റെറിന്റെ www.jobs banks.com എന്ന വെബ്സൈറ്റിൽ ഉദ്യോഗാർത്ഥിയുടെ ബയോഡാറ്റ അപ്പ്ലോഡ് ചെയ്ത് ജോലി ലഭിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. ജി-ടെക് എച്ച് ആർ കോ-ഓർഡിനേറ്റർ. സിജോ ജോസ് പ്രൊജക്ട് അവതരണം നടത്തി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ. കെ ഭാസ്കരൻ, വി. സുന്ദരൻമാസ്റ്റർ, കൗൺസിലർമാരായ അഡ്വ: കെ. വിജയൻ, വി.പി ഇബ്രാഹിംകുട്ടി, കെ.വി സുരേഷ്, എം. സുരേന്ദ്രൻ, ജി.ടെക്ക് മാർക്കറ്റിംഗ് മാനേജർ അൻവർ സാദിക്ക്, യൂത്ത് കോ-ഓർഡിനേറ്റർ സി.കെ മിഥുൻ ദാസ് എന്നിവർ സംസാരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സ്വാഗതവും, ജി-ടെക് റീജിണൽ കോ-ഓർഡിനേറ്റർ ബാബുരാജ് നന്ദിയും പറഞ്ഞു.

കിറ്റക്സ് ടീം, തായ്, പാരിസൺസ്, ക്യൂസ്കേപസ് ലിമിറ്റഡ് , പാരിസൺസ്, ക്യൂസ്കേപസ് ലിമിറ്റഡ് , എച്ച് .ഡി .എഫ്.സി ലൈഫ്സ്, ഓപ്പൺ മെഡിക്കൽസ്, ഭീമാജ്വല്ലേഴ്സ്, മുത്തൂറ്റ് മൈക്രോ ഫിനാൻസ് , ജോയ് ആലുക്കാസ് തുടങ്ങിയ 27 കമ്പനികളാണ് മേളയിൽ പങ്കെടുത്തത്. മാനേജ്മെന്റ്, സെൽസ് ആന്റ് മാർക്കറ്റിംഗ്, ഓഫീസ് അഡ്മിനിസട്രേഷൻ ടെക്നിക്കൽ മേഖലകളിലായിരുന്നു തൊഴിലവസരങ്ങൾ.

