കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ ബ്ലോക്കിൽ അത്യാധുനിക പ്രസവ ചികിത്സാ സംവിധാനം വരുന്നു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെ പ്രസവ ചികിത്സ ആരംഭിക്കുന്നതിലേക്കായി ലേബർ റൂം അടക്കമുള്ള ആധുനിക മെറ്റേണിറ്റി ചൈൽഡ് വാർഡ് സംവിധാനം ഒരുക്കാൻ തീരുമാനം. നിലവിലെ പുതിയ കെട്ടിടത്തിലേക്ക് എൻ.എച്ച്. എം. മുഖേന ഇതിനായി 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തികൾക്ക് കരാറായി. ഡിസംബർ ആദ്യ വാരത്തോടെ പ്രവൃത്തി ആരംഭിക്കുമെന്ന് കരാർ ഏറ്റെടുത്ത എച്ച്.എൽ.എൽ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതു കൂടാതെ സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും പ്രസവത്തിനും നവജാത ശിശുക്കളുടെ ചികിത്സക്കുമായി പുതിയ ബ്ലോക്ക് നിർമ്മിക്കാൻ 3.50 കോടി രൂപ വേറെയും അനുവദിച്ചിരുന്നു. എന്നാൽ ആശുപത്രിയുടെ മാസ്റ്റർ പ്ലാൻ സർക്കാറിന്റെ പരിഗണനയിലുള്ളതിനാൽ പുതിയ കെട്ടിട നിർമ്മാണം അനുവദനീയമല്ല. ആയതിനാൽ ഈ ഫണ്ടു കൂടി ഇപ്പോൾ കരാറായ NHM ഫണ്ടിനൊപ്പം ചേർത്ത് ആകെ 5.50 കോടി രൂപക്കുള്ള ഏറ്റവും ആധുനികവും സമ്പൂർണ്ണ ആശുപത്രി ഉപകരണങ്ങളടക്കമുള്ള ലേബർ റൂം, ഐ.സി.യു., ഒപ്പറേഷൻ തിയേറ്ററുകൾ, വാർഡുകൾ എന്നിവ പ്രസവ ചികിത്സക്കും നവജാത ശിശുക്കളുടെ ചികിത്സക്കും ഒരുക്കും.
ഭരണാനുമതി ഉത്തരവിൽ ഇതിനാവശ്യമായ തിരുത്തലുകൾ വരുത്തുന്നതിന് ഉതകുന്ന തരത്തിൽ അടിയന്തരമായി പുതുക്കിയ പ്ലാനും എസ്റ്റിമേറ്റും സമർപ്പിക്കുവാൻ ധാരണയായി. ആശുപത്രിയിലെ പുതിയ ബ്ലോക്കിലെ ഒന്നും രണ്ടും നിലകളിലാണ് സമ്പൂർണ്ണ എയർ കണ്ടീഷൻന്റ് ആയി ഈ സംവിധാനം നിലവിൽ വരുന്നത്. ഇതു കൂടാതെ പുതിയ 9നില മാസ്റ്റർ പ്ലാൻ കെട്ടിടത്തിന്റെ അംഗീകാരത്തിനും ഭരണാനുമതിക്കു മായുള്ള നടപടികൾ ത്വരിതപ്പെടുത്താനും തീരുമാനിച്ചു.
എം.എൽ.എ കെ.ദാസൻ, ചെയർമാൻ അഡ്വ.കെ. സത്യൻ, ആ ശുപത്രി സൂപ്രണ്ട് ഡോ.സച്ചിൻ ബാബു എന്നിവരും സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. രാജു.വി.ആർ, അസിസ്റ്റന്റ് ഡയറക്ടർ ഡോ. വീണ സരോജിനി, ഡി.എം.ഒ. ഡോ. ജയശ്രീ, ഡി.പി.എം. ഡോ. നവീൻ, എച്ച്.എൽ.എൽ പ്രതിനിധി എന്നിവരടങ്ങുന്ന സംഘവും ചേർന്ന് ആശുപത്രി സന്ദർശിച്ചതിന് ശേഷം നടന്ന യോഗത്തിലാണ് തീരുമാനങ്ങളായത്.
