കേരളാ ഫീഡ്‌സിന് കെട്ടിടനമ്പര്‍ ഉടന്‍ ലഭിക്കും

കൊയിലാണ്ടി: തിരുവങ്ങൂരില്‍ കേരളാ ഫീഡ്‌സിന്റെ കാലിത്തീറ്റനിര്‍മാണഫാക്ടറിക്ക് കെട്ടിടനമ്പര്‍ ഉടന്‍തന്നെ ലഭിച്ചേക്കും. ഉദ്ഘാടനം ചെയ്തിട്ട് എട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തില്‍നിന്നു കെട്ടിടനമ്പര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.
ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു പഞ്ചായത്ത് നഗരകാര്യ വകുപ്പ് മന്ത്രി കെ.ടി.ജലീലുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് കെട്ടിടനമ്പര്‍ പെട്ടെന്നനുവദിക്കാന്‍ നടപടിയെടുത്തത്. വിഷയം റീജണല്‍ ടൗണ്‍ പ്ലാനര്‍ പരിശോധിക്കുകയും കെട്ടിടനമ്പര്‍ നല്‍കുന്നതിന് തടസ്സമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.നമ്പര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നം നിയമസഭാ സമ്മേളന കാലത്തിനിടയില്‍ത്തന്നെ പരിഹരിക്കുമെന്നാണറിയുന്നത്.

ഇതുസംബന്ധിച്ച് കെ.ദാസന്‍ എം.എല്‍.എ.യും നിയമസഭയില്‍ ചോദ്യമുന്നയിച്ചിരുന്നു. ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് മുമ്പ് സമര്‍പ്പിച്ച പ്ലാനില്‍നിന്നു വ്യത്യാസംവന്ന സാഹചര്യത്തില്‍ ഇനി കെട്ടിടനമ്പര്‍ നല്‍കുന്നതിന് നടപടിയെടുക്കേണ്ടത് അവര്‍തന്നെയാണെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതര്‍. ഫാക്ടറിക്ക് കെട്ടിട നമ്പര്‍ നല്‍കുന്നതില്‍ പഞ്ചായത്ത് വീഴ്ചവരുത്തിയിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് പറഞ്ഞു.

ഫാക്ടറിയിലെ കോണിപ്പടികള്‍, സുരക്ഷാ കൈവരികള്‍ എന്നിവ നിര്‍മിച്ചതിലെ അപാകമാണ് കെട്ടിടനമ്പര്‍ നല്‍കുന്നതിന് തടസ്സമായത്. കെട്ടിടനമ്പര്‍ കിട്ടിയാല്‍ മാത്രമേ ഫാക്ടറിക്ക് വൈദ്യുതി കണക്ഷന്‍ ലഭിക്കുകയുള്ളൂ. വൈദ്യുതികണക്ഷന്‍ ലഭിക്കാന്‍ 2.12 കോടി രൂപ കെ.എസ്.ഇ.ബി.യില്‍ അടച്ചിട്ട് മാസങ്ങളായി. 2016 ജനവരി ഒന്‍പതിന് മുന്‍ കൃഷിമന്ത്രി കെ.പി.മോഹനനാണ് കാലിത്തീറ്റഫാക്ടറി ഉദ്ഘാടനം ചെയ്തത്. പ്രതിദിനം 300 ടണ്‍ കാലിത്തീറ്റയും 60 ടണ്‍ ആടുതീറ്റയും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന അത്യാധുനിക കമ്പ്യൂട്ടര്‍ നിയന്ത്രിത ഫാക്ടറിയാണ് തിരുവങ്ങൂരിലേത്.

