KOYILANDY DIARY.COM

The Perfect News Portal

കെ ബാബുവിനെ തിരികെ കൊണ്ടുവരുന്നത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതിരിക്കാന്‍

തൃശൂര്‍ > സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതിരിക്കാനാണ് കെ ബാബുവിനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ബാര്‍കോഴ അഴിമതിയില്‍ രാജിവെച്ച കെ എം മാണിയേയും തിരികെ കൊണ്ടുവരാനാണ് നീക്കം. ബാബുവിന്റെ രാജിക്കത്ത് പോക്കറ്റിലിട്ട് ഉമ്മന്‍ചാണ്ടി ഇത്രനാള്‍ നടന്നത് കാര്യങ്ങള്‍ ഇവിടേക്ക് എത്തിക്കാനാണെന്നും പിണറായി പറഞ്ഞു. നവകേരള മാര്‍ച്ചിനോടനുബന്ധിച്ച് തൃശൂരില്‍ വാര്‍ത്താസമ്മേളന്നത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ഉമ്മന്‍ചാണ്ടി അഴിമതിയില്‍ പങ്കാളിയായതില്‍ തെളിവ് വ്യക്തമാണ്. കൊടുത്തത് എത്ര തുക, എവിടെവെച്ച് കൈമാറി, ആരെയൊക്കെ കണ്ടു തുടങ്ങി നോട്ടിന്റെ നമ്പര്‍ ഒഴികെ എല്ലാം പുറത്തുവന്നു കഴിഞ്ഞു. ഇനി ഒരുനിമിഷം വൈകാതെ രാജിവെക്കുകയാണ് വേണ്ടത്. മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാള്‍ക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന് സമ്മര്‍ദ്ദത്തെ അതിജീവിക്കാനാകില്ലെന്നത് മുന്‍പ് തന്നെ വ്യക്തമാണ്. വിന്‍സണ്‍ എം പോളിനുപോലും അത്തരം സമ്മര്‍ദ്ദത്തെ മറികടക്കാനായിട്ടില്ല. അതിനാല്‍  ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവെക്കുകയാണ് വേണ്ടത്.

ഉമ്മന്‍ചാണ്ടിയുടെ അഴിമതിക്ക് അനുകൂല നിലപാടാണ് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വവും സ്വീകരിച്ചിരിക്കുന്നത്. പ്രശ്നങ്ങളുടെ ഗൌരവം കാണാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തയാറാകുന്നില്ല. കെപിസിസി പ്രസിഡന്റ് വി എം സുധീരനും അഴിമതിയോടു പൊരുത്തപ്പെട്ടു. വിജിലന്‍സ് കോടതി ബാബുവിനെതിരെ പരാമര്‍ശം നടത്തിയിട്ടില്ല എന്ന് പ്രസ്താവന നടത്താന്‍ സുധീരന്‍ തയാറായത് സുധീരനും അഴിമതിയുടെ ഭാഗമായി മാറിയെത് കൊണ്ടാണെന്ന്‌
പിണറായി ചൂണ്ടിക്കാട്ടി.

Advertisements

തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയുടെ ഉത്തരവിനെക്കുറിച്ച് പൊതുസമൂഹം പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. ജഡ്ജിക്കു മുന്നില്‍ പടക്കം പൊട്ടിച്ചും പ്രതീകാത്മക ശവമടക്ക് നടത്തിയും തെറിവിളിച്ചുമാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. ഇത് കോണ്‍ഗ്രസ് സംസ്ക്കാരമാണ് വെളിവാക്കുന്നത്. മുന്‍പ് പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്കുനേരെ കോണ്‍ഗ്രസുകാര്‍ തെറിവിളിയുമായി രംഗത്തുവന്നിരുന്നു. അദ്ദേഹം പാകിസ്ഥാനില്‍പോകണമെന്ന് ആവശ്യപ്പെടുന്ന നിലയില്‍എത്തിയിരുന്നു കാര്യങ്ങള്‍. ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് പിണറായി പറഞ്ഞു.

Share news