KOYILANDY DIARY.COM

The Perfect News Portal

കെ.എസ്.ആര്‍.ടി.സി ബസ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു

നെടുമങ്ങാട്: നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് പച്ചക്കറിക്കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മധ്യവയസ്‌കന്‍ ദാരുണമായി മരിച്ചു. പേരയം ഷീബ ഭവനില്‍ കെ.ചന്ദ്രന്‍ (49) ആണ് മരിച്ചത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുവാന്‍ മകനൊപ്പം എത്തിയ ചന്ദ്രന്‍ നിയന്ത്രണംവിട്ടെത്തിയ ബസിനടിയില്‍പ്പെടുകയായിരുന്നു.

അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മകന്‍ ആരോമലിന് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവര്‍ ഉള്‍പ്പടെ ബസിലുണ്ടായിരുന്ന എട്ട് പേര്‍ക്കും പരിക്കുണ്ട്. ചെങ്കോട്ട ഹൈവേയില്‍ ആനാട് പുത്തന്‍ പാലത്തിനും തത്തന്‍കോടിനും ഇടയ്ക്ക് വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം. വിതുരയില്‍ നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന വേണാട് ബസ് നിയന്ത്രണം വിട്ട് റോഡിന്റെ വലത് ഭാഗത്തെ പച്ചക്കറി കടയും സമീപത്തെ ഇലക്‌ട്രിക് പോസ്റ്റും തകര്‍ക്കുകയായിരുന്നു. അപകട സമയത്ത് കടയുടെ മുറ്റത്ത് നിന്നിരുന്ന ചന്ദ്രന്‍ ബസിനടിയില്‍പ്പെട്ടു. ആരോമല്‍ ഇടിയുടെ ആഘാതത്തില്‍ കടയുടെ ഉള്ളിലേയ്ക്ക് തെറിച്ചു വീണു. ചന്ദ്രനുമായി മുന്നോട്ടു നിരങ്ങി നീങ്ങിയ ബസ് കടയുടെ മുന്‍ വശവും ഇലക്‌ട്രിക് പോസ്റ്റും തകര്‍ത്ത് റോഡരികത്തുള്ള ഷാജഹാന്റെ വീടിനോട് ചേര്‍ന്നുള്ള ആക്രിക്കടയില്‍ ഇടിച്ചാണ് നിന്നത്.

ആക്രി സാധനങ്ങള്‍ക്ക് ഇടയില്‍ കുരുങ്ങിയ ചന്ദ്രനെ അരമണിക്കൂറിനു ശേഷം ഫയര്‍ഫോഴ്സും പോലീസും എത്തി ബസ് പിന്നോട്ട് മാറ്റിയ ശേഷമാണ് പുറത്തെടുത്തത്. ആരോമലിനെ നാട്ടുകാര്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

Advertisements

ഡ്രൈവര്‍ വിതുര ഡിപ്പോയിലെ ലാല്‍കുമാര്‍ (47), യാത്രക്കാരായ സുനിത പുളിമൂട് (38), ശോഭന ചുള്ളിമാനൂര്‍ (45), രേഷ്മ നെടുമങ്ങാട് (19), സുനീറ തൊളിക്കോട് (40), സലിം (40), റോഷന്‍ മേമല (19), കമല്‍രാജ് തൊളിക്കോട് (58) എന്നിവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.

അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ തിരുവനന്തപുരം-ചെങ്കോട്ട റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. ദീര്‍ഘകാലം ഗള്‍ഫിലായിരുന്ന ചന്ദ്രന്‍ ഇപ്പോള്‍ പേരയം ജംഗ്ഷനില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോര്‍ട്ടതിന് ശേഷം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
ഭാര്യ : ഷീബ. ഏക മകന്‍ ആരോമല്‍ (12) നന്ദിയോട് എസ്.കെ.വി എച്ച്‌.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

അതിനിടെ ബസിന്റെ സാങ്കേതിക തകരാറാണോ, ഡ്രൈവറുടെ അശ്രദ്ധയാണോ അപകടത്തിന് ഇടയാക്കിയതെന്ന് തെളിയിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ബഹളം വച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒടുവില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധനയില്‍ വണ്ടിക്ക് തകരാര്‍ ഇല്ലെന്ന് അറിയിച്ച ശേഷമാണ് നാട്ടുകാര്‍ പിന്മാറിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *