കുളത്തില്‍ വീണ വൃദ്ധനെ വീട്ടമ്മ സാഹസികമായി രക്ഷപ്പെടുത്തി
കാസര്‍കോട്: കുളത്തില്‍ വീണ വൃദ്ധനെ വീട്ടമ്മ സാഹസികമായി രക്ഷപ്പെടുത്തി. പാണൂര്‍ പുളിക്കാല്‍ വീട്ടില്‍ മോഹനന്റെ ഭാര്യ ശാന്തിനിയാണ് ബെള്ളിപ്പാടിയിലെ മൊയ്തീനെ കുളത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
ശാന്തിനി അടക്കമുള്ളവരുടെ വീട്ടില്‍നിന്ന് അടയ്ക്കയും കുരുമുളകും ശേഖരിക്കാന്‍ എത്തിയ മൊയ്തീന് പണി കഴിഞ്ഞ് മുഖം കഴുകാന്‍ പോയപ്പോള്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. അടുക്കളയില്‍ ജോലിയിലായിരുന്ന ശാന്തിനി നിലവിളി കേട്ട് പുറത്തെത്തിയപ്പോള്‍ മൊയ്തീന് കുളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടു. കയറ്റത്തിലുള്ള വീട്ടില്‍നിന്ന് അന്‍പതുമീറ്ററോളം അകലെയാണ് കുളം സ്ഥിതി ചെയ്യുന്നത്.

ഓടിയെത്തിയ ശാന്തിനി പിടിച്ചുകയറ്റാന്‍ ആലോചിച്ചെങ്കിലും ഏഴടിയോളം ആഴമുള്ള കുളത്തില്‍ കൈയെത്തിയില്ല. തുടര്‍ന്ന് തൊട്ടടുത്തുകണ്ട ഓലമടല് എടുത്ത് നീട്ടി. മൊയ്തീന് അതില്‍ പിടിച്ചതോടെ വലിച്ച് കരയോടടുപ്പിച്ചശേഷം പുറത്തെത്തിക്കുകയായിരുന്നു. കുളത്തില്‍ മുങ്ങിയതിനാല്‍ തീര്‍ത്തും അവശനിലയിലായിരുന്നു മൊയ്തീന്.

