KOYILANDY DIARY.COM

The Perfect News Portal

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ; ഇന്ത്യയുടെ ഹര്‍ജിയില്‍ വിധി 17ന്‌

ഡല്‍ഹി: പാകിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഈ മാസം 17 ന് വിധി പറയും. ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ച്‌ രണ്ട് വര്‍ഷം കഴിയുമ്ബോഴാണ് കേസില്‍ കോടതി വിധി പ്രസ്താവിക്കുന്നത്.

ജൂലൈ 17 ന് വൈകീട്ട് ആറ് മണിക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റ് അബ്ദുള്‍ ഖാവി അഹമ്മദ് യൂസഫ് വിധി പ്രസ്താവിക്കുമെന്ന് ഹെഗിലെ ആസ്ഥാനത്തില്‍നിന്നുള്ള അറിയിപ്പില്‍ പറയുന്നു. 2017 മെയ് എട്ടാം തീയതിയാണ് ഇന്ത്യ അന്തരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. കുല്‍ബൂഷണ്‍ ജാദവിനെതിരെ പാകിസ്താന്‍ മിലിട്ടറി കോടതി വിധിച്ച വധ ശിക്ഷയ്ക്ക് സ്‌റ്റേ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്ത്യ കോടതിയെ സമീപിച്ചത്. സ്റ്റേ അനുവദിച്ച കോടതി അന്തിമ വിധി വരുന്നതുവരെ അദ്ദേഹത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്യരുതെന്നും ഉത്തരവിട്ടു.

2016 ല്‍ ബലുചിസ്താനില്‍വെച്ചാണ് കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതെന്നതാണ് പാകിസ്താന്‍ വ്യക്തമാക്കിയത്. പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസുതണം ചെയ്യാന്‍ എത്തിയ ഇന്ത്യയിലെ നാവിക ഉദ്യോഗസ്ഥാനാണ് ജാദവ് എന്നായിരുന്നു പാകിസ്താന്റെ വാദം.നേവല്‍ ഉദ്യോഗസ്ഥാനായ ജാദവ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ റോയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും പാകിസ്താന് ആരോപിച്ചു.

Advertisements

എന്നാല്‍ ഇദ്ദേഹം വിരമിച്ച നാവിക സേന ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും ഇറാനില്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് പോയപ്പോള്‍ തട്ടികൊണ്ടുപോയതാണെന്നുമാണ് ഇന്ത്യയുടെ വാദം. നാല് ദിവസമാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ നടന്നത്. ഇരു രാജ്യങ്ങളും തങ്ങളുടെ ഭാഗം കോടതിയില്‍ അവതരിപ്പിച്ചു.

പാക്കിസ്താന്‍ പട്ടാള കോടതിയിലെ വിചാരണ പ്രഹസനമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതിന് പുറമെ പാകിസ്താന്‍ കുറ്റവാളികളായി പിടിക്കപ്പെടുന്നവര്‍ക്ക് നല്‍കേണ്ട എംബസി സേവനങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തതെന്നും ഇന്ത്യ നിലപാടെടുത്തു. പാകിസ്താന്‍ കോടതിയുടെ വിധി നിയമവിരുദ്ധമായി പ്രഖ്യാപിച്ച ജാദവിനെ വിടാന്‍ ഉത്തരവിടണമെന്നുമായിരുന്നു ഇന്ത്യയുടെ വാദം.
എന്നാല്‍ ചാരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടും അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് എംബസി സേവനങ്ങള്‍ നല്‍കണമെന്ന് വിയന്ന കണ്‍വന്‍ഷനില്‍ പറയുന്നില്ലെന്നാണ് പാകിസ്താന്റെ വാദം.

2017 ഡിസംബറില്‍ ജാദവിന്റെ ഭാര്യയേയും അമ്മയേയും ജയിലില്‍ സന്ദര്‍ശിക്കാന്‍ പാകിസ്താന് അനുമതി നല്‍കിയിരുന്നു. 2017 ഏപ്രിലിലാണ് കുല്‍ബൂഷണ്‍ ജാദവിനെ പാകിസ്താന്‍ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്. മഹാരാഷ്ട്ര സ്വദേശിയാണ് ജാദവ്.

Share news

Leave a Reply

Your email address will not be published. Required fields are marked *