KOYILANDY DIARY.COM

The Perfect News Portal

കായിക താരങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാതെ അസൗകര്യങ്ങളിൽ വീർപ്പ്മുട്ടി കൊയിലാണ്ടി സ്‌റ്റേഡിയം

കൊയിലാണ്ടി: കായിക പരിശീലനത്തിനോ മത്സരങ്ങള്‍ക്കോ ഉപകരിക്കാതെ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം. ഞായറാഴ്ച കൊയിലാണ്ടി ഉപജില്ലാ കായികമേളയ്ക്കെത്തിയ വിദ്യാര്‍ഥികള്‍ അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയായിരുന്നു. ശുചി മുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഇല്ലാതെ കായികതാരങ്ങള്‍ പ്രയാസപ്പെടുകയാണ്.

സ്റ്റേഡിയത്തിന്റെ വടക്കും തെക്കും ഭാഗങ്ങളില്‍ അഴുക്കുചാലിന് അടപ്പില്ല. മത്സരത്തിനിടെ ഓടിയെത്തുന്ന താരങ്ങള്‍ക്ക് അഴുക്കുചാലില്‍ വീഴാതിരിക്കാന്‍കൂടി ശ്രദ്ധിക്കണം. സ്‌പോട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ കായിക പരിപാടികളെക്കാള്‍ മറ്റ് പരിപാടികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതായും ആക്ഷേപമുണ്ട്. സ്റ്റേജും പന്തലും ഒരുക്കുന്നതിനിടയിലാണ് ഇവിടെ ഫുട്‌ബോള്‍ പരിശീലനമുള്‍പ്പെടെ നടക്കുന്നത്. ഏറെക്കാലത്തെ മുറവിളിക്കുശേഷം ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സ്റ്റേഡിയത്തിലെ ഓടകള്‍ വൃത്തിയാക്കിയിരുന്നു. എന്നാല്‍ മാലിന്യം അവിടെതന്നെ നിക്ഷേപിക്കുകയായിരുന്നു. റവന്യൂവകുപ്പ് സ്‌പോട്‌സ് കൗണ്‍സിലിന് നല്‍കിയ പാട്ടക്കാലാവധി തീരാന്‍ നാല് വര്‍ഷം മാത്രമേ അവശേഷിക്കുന്നുള്ളൂ.

1998-ലാണ് ബോയ്‌സ് ഹൈസ്‌കൂള്‍ മൈതാനം സ്‌പോട്‌സ് കൗണ്‍സിലിന് 25-വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത്. സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഗാലറിക്ക് വെളിയില്‍ ഷോപ്പിങ്‌ സെന്റ്ര്‍ പണിത് താഴത്തെയും മുകളിലത്തെയും മുറികൾ വാടകയ്ക്ക് നല്‍കി.  കായികതാരങ്ങള്‍ക്ക് ഉപയോഗിക്കാനെന്ന് പറഞ്ഞിരുന്ന മുറികളും മറ്റുള്ളവരുടെ കൈകളിലായി. പ്രതിഷേധമുയര്‍ന്നപ്പോള്‍ കിഴക്കു ഭാഗത്ത് കായിക താരങ്ങള്‍ക്ക് വസ്ത്രം മാറാനുള്ള മുറിയും ശുചിമുറിയും ഉണ്ടാവുമെന്ന് പറഞ്ഞു. പിന്നീടതും വാടകയ്ക്ക് നല്‍കുകയായിരുന്നു. ഫയര്‍ ഫോഴ്‌സിനും പഴയ ബസ്‌സ്റ്റാന്‍ഡില്‍ നിന്ന് കുടിയിറക്കിയ കച്ചവടക്കാര്‍ക്കുമാണ് ഇവിടെ മുറികള്‍ നല്‍കിയത്.

Advertisements

വേറെ സ്ഥലമില്ലാത്തതിനാല്‍ അവശേഷിക്കുന്ന കളിസ്ഥലത്തുതന്നെ ശുചിമുറിയും മറ്റും നിര്‍മിക്കാനും പരിപാടിയുണ്ടായിരുന്നു. നാട്ടുകാരുടെ ഇടപെടലിനെത്തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. മാസം വന്‍തുകയാണ് സ്‌പോട്‌സ് കൗണ്‍സിലിന് വാടകയിനത്തില്‍ ഇവിടെനിന്ന് ലഭിക്കുന്നത്. എന്നാല്‍ അതില്‍ ചെറിയൊരു തുക പോലും ഇവിടെ ചെലവഴിക്കുന്നില്ല. 

Share news

Leave a Reply

Your email address will not be published. Required fields are marked *