കാണാതെ പോയ ആണവ വികിരണ ഐസോടോപ്പ് ആക്രിക്കടയില്‍

ഹൈദരാബാദ്: ഒഎന്‍ജിസിയില്‍ നിന്ന് കാണാതെ പോയ ആണവ വികിരണ ഐസോടോപ്പ് ആയ ” സീഷിയം 137″ നിറച്ച കണ്ടയ്നര്‍ ആന്ധ്രയിലെ ആക്രിക്കടയില്‍ നിന്ന് കണ്ടെത്തി. ഈ മാസം ജനുവരി 14ന് ആന്ധ്രയിലെ രാജമഹേന്ദ്രപുരം ഒഎന്‍ജിസി സെന്‍ററില്‍ നിന്നാണ് സീഷിയം 137 നിറച്ച കണ്ടയ്നര്‍ കാണാതെ പോയത്.
കണ്ടയ്നര്‍ പുറത്തുപോയതെങ്ങനെയെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആണവ റിയാക്ടറുകളിലെ ആണുസംയോജനത്തിന്‍റെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന മൂലകമാണ് സീഷിയം 137. അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യുന്ന സീഷിയം 137 പുറത്തുപോയത് വലിയ ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ വളരെ കുറഞ്ഞ അളവില്‍ ഉണ്ടായിരുന്ന മൂലകത്തില്‍ നിന്ന് വികിരണ ഭീഷണി ഇല്ലെന്ന് ഒഎന്‍ജിസി വ്യക്തമാക്കി.

ഒഎന്‍ജിസിയുടെ എണ്ണക്കിണറുകളില്‍ പര്യവേക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന അതി തീവ്ര ശക്തിയുള്ള ഒരു വസ്തുവാണ് സീഷിയം 137. മനുഷ്യരുമായി നേരിട്ട് സമ്ബര്‍ക്കത്തില്‍ വന്നാല്‍ കാന്‍സര്‍ പോലുള്ള അതി ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാവാനുള്ള സാധ്യതയുള്ളതുകൊണ്ട് വളരെ കര്‍ക്കശമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ലോകത്തിലെവിടെയും എണ്ണ പര്യവേക്ഷണക്കമ്ബനികള്‍ ഇത്തരത്തിലുള്ള റേഡിയോ ആക്റ്റീവ് സോഴ്സുകള്‍ സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതും. തൊഴിലിടങ്ങളിലെ സുരക്ഷയെ സംബന്ധിച്ച ഒഎന്‍ജിസിയുടെ ഗുരുതരമായ വീഴ്ചയാണ് ഓരോ നീക്കത്തിനും കൃത്യമായ റെക്കോഡുകള്‍ സൂക്ഷിക്കേണ്ട ഈ കണ്ടെയ്‌നര്‍ കാണാതാവുന്നതും ഒടുവില്‍ ഒരു ആക്രിക്കടയില്‍ നിന്നും കണ്ടെടുക്കുന്നതും.

