കട്ടവനെ കിട്ടിയില്ല കിട്ടയവനെ പ്രതിയാക്കി. ഒടുവിൽ ജിതേഷിനെ കൊയിലാണ്ടി കോടതി വെറുതെ വിട്ടു
കോഴിക്കോട് – കൊയിലാണ്ടി, തിരുവങ്ങൂർ പാർത്ഥസാരഥി ക്ഷേത്രം ഭണ്ഡാരം കുത്തിതുറന്ന് മോഷണ നടത്തിയ കേസിൽ പ്രതി ജിതേഷ് കുറ്റക്കാരനല്ലെന്ന് കണ്ട് കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്റ്റ് കോടതി വെറുതെവിട്ടു. 2016 ൽ നടന്ന മോഷണക്കേസിൽ കൊയിലാണ്ടി പോലീസ് ക്രൈം നമ്പർ 358 / 2016 ആയി രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ കിട്ടാതെ വന്നപ്പോൾ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് മറ്റൊരു കേസിൽ പയ്യോളി പോലിസ് 2020 ൽ അറസ്റ്റ് ചെയ്ത ജിതേഷ് എന്ന പ്രതിയുടെ ഫിംഗർ പ്രിൻ്റ് തിരുവങ്ങൂര് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയുടേതിനു സാമ്യം ഉണ്ടെന്ന് പറഞ്ഞാണ് പോലീസ് ജിതേഷിനെ അറസ്റ്റ് ചെയ്യുകയും ഈ കേസ് വീണ്ടു അന്വേഷിച്ച് ബഹു. കൊയിലാണ്ടി കോടതി മുമ്പാകെ 2020 അവസാനം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്.

എന്നാൽ വളരെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രതിക്ക് തന്റെ നിരപരാതിത്വം തെളിയിക്കാൻ ഒരു വഴിയുമില്ലാത്ത ഘട്ടത്തിൽ റിമാന്റിൽ തുടരവെ കൊയിലാണ്ടി ലീഗൽ സർവ്വീസ് അതോറിട്ടി ലീഗൽ എയ്ഡ് കൗൺസിൽ ആയ കൊയിലാണ്ടി ബാറിലെ യുവ അഭിഭാഷകനായ അഡ്വ: സുഭാഷ് ആർ നെ നിയമിക്കുകയും വെറും 8 മാസത്തിനുള്ളിൽ തന്നെ കേസ്സിന്റെ വിചാരണ പൂർത്തിയാക്കാനും പ്രതിയുടെ നിരപരാധിത്വം തെളിയിക്കാനും കഴിഞ്ഞു. തുടർന്നാണ് ഇന്ന് വിധി പറഞ്ഞത്. 2016ൽ നടന്ന സംഭവത്തിൽ പ്രതി ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തി എന്നായിരുന്നു കേസ്. ഭണ്ഡാരം കുത്തി തുറക്കാൻ പിക്കാസ് ഉപയോഗിച്ചു എന്നും കണ്ടെത്തി. എന്നാൽ പിക്കാസ് കണ്ടെത്തനോ മോഷണ വസ്തു വീണ്ടെടുക്കാനോ പോലീസ് ശ്രമിച്ചില്ല. ഇതാണ് കോടതിയിൽ പോലീസിന് തിരിച്ചടിയായത്.

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കി മുഖം രക്ഷിക്കുന്ന പോലീസ് നിലപാട് ഈ കേസ് വിധി പറഞ്ഞതോടെ വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. കണ്ണൂർ ചിറയ്ക്കൽ സ്വദേശിയാണ് ജിതേഷ്. സാമ്യം ഉണ്ട് എന്ന് പറഞ്ഞ് ഓരാളെ പ്രതിയാക്കിയാൽ അത് മനുഷ്യാവകാശ ലംഘമായാണ് കാണക്കാക്കാനാവുകയെന്നും സാധാരണക്കാരന്റെ നിരപരാധിത്വം തെളിയിക്കാൻ ലീഗൽ സർവ്വീസ് കൈകൊണ്ട നടപടി ശ്ലാഘനിയമാണെന്നും ലീഗൽസർവ്വീസ് സൊസൈറ്റി പ്രശംസ അർഹിക്കുന്നുവെന്നും മറ്റ് നിയമജ്ഞരും വിലയിരുത്തി.





