KOYILANDY DIARY.COM

The Perfect News Portal

ഓണം വിപണിക്ക്‌ വിപുലമായ തയ്യാറെടുപ്പുമായി കൺസ്യൂമർ ഫെഡ്

കൊച്ചി: ഓണം വിപണിക്ക്‌ വിപുലമായ തയ്യാറെടുപ്പുമായി കൺസ്യൂമർഫെഡ്. 29 മുതൽ സെപ്‌തംബർ ഏഴുവരെ 1600 ഓണം വിപണികൾ സംസ്ഥാനത്ത്‌ ഉടനീളം സംഘടിപ്പിക്കുമെന്ന്‌ ചെയർമാൻ എം മെഹബൂബ്‌ പറഞ്ഞു. 29ന് വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 30ന് ജില്ലകളിൽ ഉദ്ഘാടനം നടക്കും. 13 ഇനം നിത്യോപയോഗസാധനങ്ങൾ സർക്കാർ സബ്സിഡിയിൽ ഓണച്ചന്തകളിൽ ലഭ്യമാക്കും. 200 കോടി രൂപയുടെ വിൽപ്പനയാണ്‌ ഓണക്കാലത്ത്‌ ലക്ഷ്യമിടുന്നത്‌.

ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവര പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ്‌ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്നത്‌. 10 മുതൽ 40 ശതമാനംവരെ വിലക്കുറവിലാണ്‌ മറ്റു നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്നത്‌. മിൽമയുമായി സഹകരിച്ച് ഓണസദ്യയ്ക്കുള്ള സ്പെഷ്യൽ കിറ്റും ഓണച്ചന്തകളിൽ ലഭ്യമാകും. 356 രൂപയുടെ കിറ്റ് 297 രൂപയ്ക്ക് വാങ്ങാം. മൊത്തവിലയിൽ സഹകരണ സംഘങ്ങൾക്ക് 281 രൂപയ്ക്ക് നൽകും. പാലട മിക്സ്, നെയ്യ്, പാൽ, വെജിറ്റബിൾ ബിരിയാണി മിക്സ്, ഗുലാബ് ജാമുൻ എന്നിവയാണ് കിറ്റിലുള്ളത്‌.

കശുവണ്ടി വികസന കോർപറേഷന്റെ മികച്ച കശുവണ്ടിപ്പരിപ്പ് 15 ശതമാനം വിലക്കുറവിൽ  ലഭ്യമാക്കും. ഹോർട്ടികോർപ്പുമായി സഹകരിച്ച്‌ പച്ചക്കറികൾ പ്രാദേശികമായി സംഭരിച്ച്‌ വിൽക്കും. കൺസ്യൂമർഫെഡ് എഡി എം സലീം, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ വി കെ രാജൻ, കെ മോഹനൻ, പർച്ചേസ് മാനേജർ ജി ദിനേശ് ലാൽ, അഡ്മിനിസ്ട്രേഷൻ മാനേജർ സി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Advertisements


Share news

Leave a Reply

Your email address will not be published. Required fields are marked *