ഓട്ടോറിക്ഷ– ടാക്സി തൊഴിലാളികള്‍ ചൊവ്വാഴ്ച കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കോഴിക്കോട് : വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി നേതൃത്വത്തില്‍ ഓട്ടോറിക്ഷ– ടാക്സി തൊഴിലാളികള്‍ ചൊവ്വാഴ്ച കലക്ടറേറ്റ് മാര്‍ച്ച് നടത്തി. ഓട്ടോറിക്ഷക്കും മോട്ടോര്‍ സൈക്കിളിനും ഒഴികെ മറ്റെല്ലാ വാഹനങ്ങള്‍ക്കും സെപ്തംബര്‍ ഒന്നു മുതല്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കണമെന്ന മുന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ ഉത്തരവ് പിന്‍വലിക്കുക, നഗരത്തില്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന മാംഗോ ടാക്സികള്‍ നിര്‍ത്തലാക്കുക, തൊഴിലാളികളുടെമേല്‍ ചുമത്തിയ കള്ളക്കേസ് പിന്‍വലിക്കുക, തൊഴിലാളികളുമായി ആലോചിക്കാതെ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നല്‍കാനുള്ള ശുപാര്‍ശ തള്ളിക്കളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ചും ധര്‍ണയും.
സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി, എസ്ടിയു, എച്ച്എംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടന്നത്. എരഞ്ഞിപ്പാലത്ത് നിന്ന് മാര്‍ച്ച് ആരംഭിച്ചു.

മാര്‍ച്ച് ജില്ല മോട്ടോര്‍ ആന്‍ഡ് എന്‍ജിനിയറിങ് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനംചെയ്തു. അഡ്വ. എം രാജന് അധ്യക്ഷനായി. കെ സി രാമചന്ദ്രന്, അഡ്വ. ഇ നാരായണന് (ഐഎന്‍ടിയുസി), പി കെ നാസര്‍, യു സതീശന് (എഐടിയുസി), നീലിയോട്ട് നാണു (എച്ച്എംഎസ്), യു എ ഗഫൂര്‍ (എസ്ടിയു), സി പി സുലൈമാന്‍ (സിഐടിയു) എന്നിവര്‍ സംസാരിച്ചു. കെ കെ പ്രേമന് (ബിഎംഎസ്) സ്വാഗതവും വി സി സേതുമാധവന് നന്ദിയും പറഞ്ഞു.

