ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വടകര: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടോത്ത് തയ്യുള്ളതില്‍ അമയപുരിയില്‍ സതീഷ്‌കുമാര്‍(55) നെയാണ് വടകര ജനതാ റോഡിലെ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സതീശന്റെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. പലിശക്ക് കടം കൊടുക്കുന്നയാള്‍ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയതായി കത്തില്‍ പറയുന്നുണ്ട്.
ബ്ലേഡുകാരനില്‍ നിന്ന് സതീശന്‍ അറുപതിനായിരം രൂപ വാങ്ങിയിരുന്നു. പണം തിരിച്ചേല്‍പ്പിച്ചിട്ടും ഇടപാട് തീര്‍ത്തില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് കത്തില്‍ പറയുന്നു. ഇപ്പോള്‍ കുട്ടോത്ത് താമസിക്കുന്ന സതീഷ്‌കുമാര്‍ നേരത്തെ ജനത റോഡിലായിരുന്നു താമസിച്ചത്. ഇവിടെയുള്ള വീടും സ്ഥലവും വിറ്റ് കുട്ടോത്തേക്ക് താമസം മാറ്റുകയായിരുന്നു. ആത്മഹത്യ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ എം.സി ഫിനാന്‍സ് എന്ന സ്ഥാപനത്തിനെതിരെ അന്വേഷണം തുടങ്ങിയതായി വടകര പൊലിസ് പറഞ്ഞു. പരേതനായ ബാലന്റെയും, ദേവകിയമ്മയുടെയും മകനാണ് സതീഷ്‌കുമാര്‍. ഭാര്യ: റീജ. സഹോദരങ്ങള്‍: ലീല, ഷീജ, മിനി, സുജേഷ്.

