ഐടി ജീവനക്കാരിയായ യുവതിയെ പട്ടപ്പകല്‍ കുത്തിക്കൊന്നു

ചെന്നൈ: പട്ടപ്പകല്‍ ചെന്നൈ റെയില്‍വേസ്റ്റേഷനില്‍ ഐടി ജീവനക്കാരിയായ യുവതിയെ കുത്തിക്കൊന്നു. വെള്ളിയാഴ്ച രാവിലെ ചെന്നൈയിലെ നുങ്കന്പാക്കം റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തില്‍ എസ് സ്വാതി എന്ന 24 കാരിയാണ് കൊല്ലപ്പെട്ടത്. രാവിലെ ജോലിക്ക് പോകാന്‍ ട്രെയിന്‍ കാത്തിരിക്കുന്പോഴായിരുന്നു സംഭവം. ദിനംപ്രതി ആയിരങ്ങള്‍ യാത്ര ചെയ്യുന്ന റെയില്‍വേ സ്റ്റേഷനില്‍ മുഖത്തും കഴുത്തിലും മുറിവുകളുമായി കിടന്ന യുവതി രക്തം വാര്‍ന്നായിരുന്നു മരിച്ചത്.
നുങ്കന്പാക്കം റെയില്‍വേ സ്റ്റേഷന് സമീപമുള്ള ചൂലമേട്ടില് സൗത്ത്ഗംഗ അമ്മന്‍ കോവില്‍ തെരുവില്‍ താമസക്കാരിയാണ് സ്വാതി റെയില്‍വേയിലെ രണ്ടാം പ്ളാറ്റ്ഫോമില്‍ കാത്തിരിക്കുന്പോള്‍ പച്ച ഷര്‍ട്ടും കറുത്ത പാന്റും ധരിച്ച ഒരു യുവാവ് അടുത്തെത്തുകയും രണ്ടു പേരും തമ്മില്‍ വാക്കുതര്‍ക്കും ഉണ്ടാക്കുകയും ചെയ്തു. ഇതിനിടയില്‍ കരുതിയിരുന്ന തന്റെ ട്രാവല്‍ ബാഗില്‍ നിന്നും കത്തി പുറത്തെടുത്ത് യുവാക് ഇരയെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബാലന്‍സ് തെറ്റി ഗ്രൗണ്ടില്‍ വീണു. വിവരമറിഞ്ഞ് ആള്ക്കാര് കൂടുന്നതിനിടയില്‍ എല്ലാം കഴിച്ച് യുവാവ് ആള്‍ക്കൂട്ടത്തില്‍ മറഞ്ഞെന്നാണ് കടക്കാരുടെ ഭാഷ്യം. നഗരത്തിന്റെ പ്രാന്ത പ്രദേശമായ മറൈമലൈ നഗറിന് സമീപമുള്ള മഹീന്ദ്രാ ടെക് പാര്‍ക്കിലാണ് സ്വാതി ജോലി ചെയ്യുന്നത്. രാവിലെ ട്രെയിനില്‍ ജോലിക്ക് പോകുകയും വൈകിട്ട് കന്പനി ബസില്‍ തിരിച്ചു വരികയുമാണ് പതിവ്.

പതിവായി പിതാവ് സന്താനഗോപാകൃഷ്ണനാണ് സ്വാതിയെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടുന്നത്. കൊല്ലപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് പിതാവാണ് റെയില്‍വേ സ്റ്റേഷനില്‍ മകളെ കൊണ്ടുവിട്ടത്. സംഭവത്തില്‍ പ്രതിക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സ്വതിയെ അറിയാവുന്ന ആളായിരിക്കും കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. നുങ്കന്പാക്കം റെയില്‍വേ സ്റ്റേഷനില്‍ സിസിടിവി ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല. ഇര രണ്ടു മണിക്കൂറോളമാണ് പ്ളാറ്റ്ഫോമില്‍ രക്തം വാര്‍ന്നു കിടന്നത്. ഒടുവില്‍ പോലീസെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

