KOYILANDY DIARY.COM

The Perfect News Portal

ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: പിതൃസഹോദര ഭാര്യ അറസ്റ്റില്‍

താമരശ്ശേരി: കിടപ്പുമുറിയില്‍ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ പിതൃ സഹോദരഭാര്യ അറസ്റ്റില്‍.

താമരശ്ശേരി കാരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെയും ഷമീനയുടെയും ഏഴുമാസം പ്രായമുള്ള മകള്‍ ഫാത്തിമ മരിച്ച സംഭവത്തില്‍ മുഹമ്മദലിയുടെ ജ്യേഷ്ഠന്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യ പി.പി. ജസീലയെയാണ് (26) താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇവര്‍ എടുത്തുകൊണ്ടുപോയി വീടിനുപിറകിലെ കിണറ്റിലിട്ടതാണെന്ന് സമ്മതിച്ചതായി കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ താമരശ്ശേരി ഡിവൈ.എസ്.പി. പി. ബിജുരാജ് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് കുഞ്ഞിനെ കിണറ്റിനകത്ത് കണ്ടെത്തിയത്. മാതാവ് ഷമീന കുഞ്ഞിനെ ഉറക്കിക്കിടത്തി കുളിമുറിയില്‍ കുളിക്കാന്‍ കയറിയ സമയം ജസീല കുഞ്ഞിനെയെടുത്ത് കിണറ്റിലിടുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഷമീനയോട് ജസീലയ്ക്കുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണമെന്നും ഡിവൈ.എസ്.പി. പറഞ്ഞു. ഷമീനയും കുഞ്ഞും ജസീലയും ജസീലയുടെ രണ്ടരവയസ്സുള്ള മകന്‍ മുഹമ്മദ് മിഷാലും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്.

Advertisements

വീട്ടിലെ ജോലികള്‍ ജസീലയ്ക്ക് കൂടുതല്‍ എടുക്കേണ്ടിവരുന്നെന്ന തോന്നലില്‍നിന്നാണ് ഷമീനയോട് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്നാണ് ചോദ്യംചെയ്യലില്‍ പോലീസിനു വ്യക്തമായത്. സംഭവദിവസം രാവിലെ ഷമീന ഈങ്ങാപ്പുഴയിലെ ബന്ധുവീട്ടില്‍ കുഞ്ഞുമായി പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഇതുകണ്ട് മനസ്സില്‍ തോന്നിയ നീരസമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ പെട്ടെന്നുള്ള കാരണമായത്.

ഷമീന കുഞ്ഞിനെ ഒരുക്കിയശേഷം കുളിക്കാന്‍ കയറിയപ്പോള്‍ ജസീല വീടിനുപിറകില്‍ മീന്‍ മുറിക്കുകയായിരുന്നു. അതിനിടയില്‍ കയറിവന്ന് കുഞ്ഞിനെയെടുത്ത് കിണറ്റിലിട്ടശേഷം വീണ്ടും മീന്‍ മുറിക്കുന്നത് തുടരുകയായിരുന്നു. ഷമീന കുളികഴിഞ്ഞെത്തിയപ്പോള്‍ കുഞ്ഞിനെ കാണാതിരുന്നതിനെത്തുടര്‍ന്ന് തിരഞ്ഞുനടന്നപ്പോള്‍ കിണറ്റില്‍ കുഞ്ഞിനെ കണ്ടെത്തിയതും ജസീലയായിരുന്നു. വെള്ളം കോരാന്‍ നോക്കുമ്ബോള്‍ കിണറ്റില്‍ കുട്ടിയെ കണ്ടെന്നാണ് ജസീല പറഞ്ഞത്.

വെള്ളത്തില്‍ മുങ്ങി കുഞ്ഞ് മരിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ പോലീസിനുനല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് ജസീല കുറ്റം സമ്മതിച്ചത്. ജസീലയുടെ ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ ഗള്‍ഫിലായിരുന്നു. നാട്ടിലെത്തിയിട്ട് രണ്ടു മാസമായതേയുള്ളൂ. ഭര്‍ത്താവ് ഗള്‍ഫിലായിരിക്കുമ്ബോള്‍ ജസീല ഭര്‍തൃവീട്ടില്‍ നില്‍ക്കാറില്ലായിരുന്നു. കത്തറമ്മലിലെ സ്വന്തം വീട്ടിലേക്ക് പോകാറാണ് പതിവ്.

ഭര്‍ത്താവും മക്കളുമൊത്ത് വേറെ താമസിക്കാന്‍ കാരാടി പറച്ചിക്കോത്ത് ഇവര്‍ പുതിയ വീടുണ്ടാക്കി ഒന്നരമാസം മുമ്പ്‌
പാലുകാച്ചല്‍ ചടങ്ങ് നടത്തിയിരുന്നു. പത്തു ദിവസത്തിനുള്ളില്‍ അങ്ങോട്ട് താമസംമാറാനിരുന്നതാണ്. രണ്ടരയും ഏഴും വയസ്സുള്ള രണ്ടു കുട്ടികളാണ് ഇവര്‍ക്കുള്ളത്.

സി.ഐ. അഗസ്റ്റ്യന്‍, എസ്.ഐ. സായൂജ്കുമാര്‍, എ.എസ്.ഐ.മാരായ വി.കെ. സുരേഷ്, അനില്‍കുമാര്‍, രാജീവ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിബില്‍ ജോസഫ്, ഷീബ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ ചോദ്യംചെയ്തത്.

Share news

Leave a Reply

Your email address will not be published. Required fields are marked *