എസ്‌എഫ്‌ഐ സംസ്ഥാന വനിതാ നേതാവിനുനേരെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് അക്രമം

കണ്ണൂര്‍: എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടുമായ മാങ്ങാട്ടുപറമ്പ്
സര്‍വ്വകലാശാല കാമ്പസിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയായ ഇ.കെ ദൃശ്യയെ (22) കെ എസ് യു ക്രിമിനല്‍ സംഘം ആക്രമിച്ചു.
എസ് എഫ് ഐ യുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി സ്കൂളില്‍ പോയ എസ് എഫ് ഐ ഏരിയാ ജോയിന്റ് സെക്രട്ടറി വി.ശ്രീരാഗിനെ കെ എസ് യു പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.കെ എസ് യുവിന്റെ ജില്ലാതല മെമ്പര്‍ഷിപ്പ് പരിപാടി അഞ്ചരക്കണ്ടി സ്കൂളില്‍ ക്ലാസ് സമയത്ത് നടത്തുന്നതിനായി പ്രിന്‍സിപ്പാളിനെ കണ്ടിരുന്നെങ്കിലും അനുമതി നല്‍കിയിട്ടില്ല.

വിദ്യാര്‍ത്ഥികള്‍ ആരും തന്നെ പങ്കെടുക്കാതെ തള്ളിക്കളഞ്ഞ മെമ്പര്‍ഷിപ്പ് ജില്ലാതല ഉദ്ഘാടന പരിപാടി തകര്‍ന്ന് ആളില്ലാതായപ്പോള്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് വി.പി.അബ്ദുള്‍ റഷീദ്, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി കെ.കെ. ജയരാജന്‍, കെ.എസ് യു ജില്ലാ പ്രസിഡണ്ട് ഷമ്മാസ്, നേതാക്കളായ വരുണ്‍, അതുല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്കൂളില്‍ ഉണ്ടായ എസ് എഫ് ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചും അക്രമിച്ചും മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിനും പബ്ലിസിറ്റി നേടുന്നതിന് വേണ്ടി ശ്രമിക്കുകയായിരുന്നു.

പ്രശ്നം അറിഞ്ഞ് സ്കൂളില്‍ എത്തിയ സംസ്ഥാന കമ്മിറ്റിയംഗം ഇ.കെ ദൃശ്യയെയും ഏരിയാ സെക്രട്ടറി ജിഷ്ണു രമേശിനെയും അവിടെ കൂടിയ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും അവിടെ ഉണ്ടായ പെണ്‍കുട്ടികളുടെ ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്യുകയാണുണ്ടായത്.

പരിക്കേറ്റവരെ ആദ്യം സി.എച്ച്.സി ചക്കരക്കല്ല് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ഏ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട കെ.എസ്.യു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമം സൃഷ്ടിച്ചും വില കുറഞ്ഞ നാടകം കളിച്ചും കടന്നു കയറാനും മാധ്യമ ശ്രദ്ധ നേടുന്നതിന് വേണ്ടിയും ശ്രമിക്കുകയാണ്.
കെ എസ് യു – യൂത്ത് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് നേരെയുള്ള അക്രമത്തിലും സമാധാനം നിലനില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനത്ത് പ്രതിഷേധ ദിനം ആചരിക്കുകയാണ്.
