എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി

കൊയിലാണ്ടി: എഴുത്തുകാരനും ആർ.എം.പി. സഹയാത്രികനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന പരാതി. കോഴിക്കോട് സ്വദേശിയായ യുവതിയാണ് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയത്. 2020 ഫിബ്രവരി 18 ന് വൈകീട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. നേരത്തെ കൊയിലാണ്ടി പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയിൽ എത്തിയപ്പോൾ പീഡിപ്പിച്ചതായി ദളിത് യുവതി പരാതി നൽകിയതിനെ തുടർന്ന് സിവിക് ചന്ദ്രൻ ഒളിവിലാണ്. എസ്.ഇ.എസ്.ടി. വകുപ്പ് പ്രകാരം കൊയിലാണ്ടി പോലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഡി.വൈ.എസ്.പി. ഹരിപ്രസാദിനാണ് മേൽനോട്ട ചമുതല. മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ച സിവിക് ചന്ദ്രൻ്റെ അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് വീണ്ടും പീഡന പരാതി ഉയർന്നത്. സിവിക ചന്ദ്രനെ അറസ്റ്റ് ചെയ്യാത്ത നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. നിരവധി സംഘടനകളും, ദളിത് സംഘടനകളും പ്രത്യക്ഷ സമരത്തിലായിരുന്നു. അറസ്റ്റ് ഭയന്ന് സിവിക് തമിഴ് നാട്ടിലെക്ക് കടന്നതായാണ് പോലീസ് പറയുന്നത്. കൊയിലാണ്ടി സി.ഐ. എൻ. സുനിൽകുമാറാണ് കേസ് അന്വേഷിക്കുന്നത്.


