എറണാകുളം ജില്ലയില്‍ തീരദേശത്ത് 35 വീടുകള്‍ക്ക് അനുമതി

കാക്കനാട്: തീരദേശ പരിപാലന അതോറിറ്റിയുടെ ജില്ലാതല കമ്മിറ്റിക്ക് സമര്‍പ്പിച്ച കെട്ടിട നിര്‍മ്മാണത്തിനുള്ള 35 അപേക്ഷകള്‍ക്ക് അനുമതി നല്കി. ഡെപ്യൂട്ടി കളക്ടര്‍ എസ് ഷാജഹാന് അധ്യക്ഷനായ സമിതിയാണ് അപേക്ഷകള്‍ പരിഗണിച്ച് അനുമതി നല്‍കിയത്. ആകെ 52 അപേക്ഷകളാണ് വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ അനുമതിക്കായി തീരദേശ പരിപാലന അതോറിറ്റിയുടെ ജില്ലാ കമ്മിറ്റിക്ക് സമര്‍പ്പിച്ചത്. ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് തീരദേശ നിയമ പ്രകാരമാണ് അനുമതി നല്‍കിയിരിക്കുന്നത്.
ലഭിച്ച അപേക്ഷകളില്‍ 35 എണ്ണത്തിന് തീരദേശ പരിപാലന കമ്മിറ്റി പരിശോധിച്ച് ക്ലിയറന്‍സ് നല്കി. 14 അപേക്ഷകള്‍ ആവശ്യമായ അധിക വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി പുനര്‍ സമര്‍പ്പണത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്. 2 അപേക്ഷകള്‍ കമ്മിറ്റി പരിശോധിച്ച് തള്ളുകയും ചെയ്തു. ഒരു അപേക്ഷ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നേരിട്ട് കെ സി ഇസ്ഡ് എം എ യ്ക്ക് നേരിട്ട് അയക്കാന്‍ നിര്‍ദേശം നല്കി.

24 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്നത്. ഇതില്‍ കൊച്ചിന് കോര്‍പ്പറേഷനും മരട്, തൃപ്പൂണിത്തറ, വടക്കന്‍പറവൂര്‍ നഗരസഭകളും 20 പഞ്ചായത്തുകളും ഉള്‍പ്പെടുന്നു. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അപേക്ഷകളുടെ എണ്ണം, ഏഴിക്കര – 7, ചിറ്റാറ്റുകര – 11, ചെല്ലാനം – 7, ചേന്ദമംഗലം – 6 കോട്ടുവള്ളി – 4 കുമ്ബളങ്ങി – 1, നായരമ്ബലം – 1, കുഴുപ്പിള്ളി – 1, കടമക്കുടി – 2, ഞാറക്കല്‍ – 6, വടക്കേക്കര – 6

കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സീനിയര്‍ ടൗണ്‍ പ്ലാനിങ് ഓഫീസര്‍ പി ആര് ഉഷാകുമാരി, കുടുംബി സഭ സെക്രട്ടറി എം എന്‍ രവികുമാര്‍, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ ജിനു മോള് വര്‍ഗീസ്, അസിസ്റ്റന്റ് ടൗണ്‍ പ്ലാനര്‍ ഗ്ലാഡിസ് വില്യംസ്, പ്രാദേശിക സമൂഹ പ്രതിനിധികളായ കെ ജെ ലീനസ്, അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

