KOYILANDY DIARY.COM

The Perfect News Portal

ഉചിതമായ തീരുമാനം തക്കസമയത്തുണ്ടാകും: മുഖ്യമന്ത്രി

കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണമെത്തിയത്. ഹൈക്കോടതിയുടെ വിധിയറിഞ്ഞെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഉചിതമായ തീരുമാനം തക്കസമയത്തുണ്ടാകുമെന്ന് വ്യക്തമാക്കി.

ഇക്കാര്യം എല്‍ ഡി എഫ് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിവരിച്ചു. എന്‍ സി പി നിലപാട് അറിയിക്കാനുണ്ടെന്ന് വ്യക്തമാക്കിയ പിണറായി ഉചിതമായ തീരുമാനമെടുക്കാന്‍ മടികാട്ടില്ലെന്ന നിലപാടാണ് വിശദമാക്കിയത്.

കോടതി വിധിയുടെ വിശദാംശങ്ങള്‍ അറിയട്ടെയെന്നും പിണറായി പറഞ്ഞു. അതേസമയം അതിരൂക്ഷമായ വിമര്‍ശനങ്ങളുന്നയിച്ചുകൊണ്ടാണ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയത്.

Advertisements

റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ നീക്കാന്‍ കളക്ടറെ സമീപിക്കണമെന്ന് ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ നിര്‍ദ്ദേശിച്ചു. 15 ദിവസത്തിനകംആലപ്പുഴ കളക്ടര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം.

അതേസമയം ഡിവിഷന്‍ ബെഞ്ചില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തു. അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മന്ത്രി ഹര്‍ജിയുമായെത്തിയതിനാണ് രാവിലെ വിമര്‍ശനമുണ്ടായതെങ്കില്‍ ഉച്ചയ്ക്ക് ശേഷം ഹര്‍ജി പിന്‍വലിക്കില്ലെന്ന തീരുമാനമാണ് ഹൈക്കോടതിയുടെ പ്രഹരത്തിന് കാരണമായത്.

ഹര്‍ജി പരിഗണിക്കണമെങ്കില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതാണ് ഉത്തമം എന്ന് ഹൈക്കോടതി ഡിവിഷന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് താന്‍ അംഗമായ സര്‍ക്കാരിനെതിരെ എങ്ങനെ ഹര്‍ജി നല്‍കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു.

ഹര്‍ജിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ രാജിവയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. രാജിവച്ച ശേഷം കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന് നിങ്ങളെ വിശ്വാസമില്ലെങ്കില്‍ പിന്നെ തുടരുന്നതെങ്ങനെയെന്നും കോടതി ചോദിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *