KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴ ജില്ലയില്‍ നാലിടത്ത്‌ മടവീണു

ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പള്ളി വീയപുരം കട്ടക്കുഴി, തലവടി, തകഴി എന്നിവിടങ്ങളില്‍ പാടശേഖരങ്ങളില്‍ മടവീണു. തോട്ടപ്പള്ളി നാലുചിറയില്‍ തുടര്‍കൃഷിക്കായി ഒരുക്കിയ പാടത്താണ്‌ മടവീണത്‌. സമീപത്തെ മറ്റു പാടങ്ങളും മടവീഴ‌്ച ഭീഷണിയിലാണ‌്. സമീപത്തെ നൂറുകണക്കിനു വീടുകളില്‍ വെള്ളം കയറിയതോടെ ജനജീവിതവും ദുസ്സഹമായി. ചൊവ്വാഴ‌്ച പുലര്‍ച്ചെ രണ്ടോടെയാണ‌് സംഭവം. പാടത്തിന്റെ തെക്കേപുറം ബണ്ടിലെ തൂമ്ബ് തളളിപ്പോയതാണ് മടവീഴ‌്ചയ‌്ക്ക‌ിടയാക്കിയത‌്. പുറക്കാട് വില്ലേജില്‍ തന്നെ കൂടുതല്‍ പണം ചെലവഴിച്ച പുറംബണ്ട് കല്ല് കെട്ടി സംരക്ഷിച്ചിരുന്ന പാടമാണിത്. ഡാം തുറന്നതോടെയുണ്ടായ കിഴക്കന്‍ വെള്ളത്തിന്റെ വരവാണ് മടവീഴ‌്ചയ‌്ക്ക‌് കാരണമെന്ന് കര്‍ഷകര്‍ പറഞ്ഞു.

മട വീണ പാടത്തിനു സമീപമുള്ള 120 ഏക്കര്‍ നാലുചിറ വടക്ക്, 175 ഏക്കര്‍ വരുന്ന കൃഷിത്തോട്ടം പാടശേഖരങ്ങളും മടവീഴ‌്ച ഭീഷണി നേരിടുകയാണ്. മാസങ്ങള്‍ മുമ്ബ് കൊയ‌്ത്തു കഴിഞ്ഞ ഈ പാടങ്ങള്‍ ഉഴവു പൂര്‍ത്തിയാക്കി അടുത്ത കൃഷിക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് വെള്ളപ്പൊക്കവും മട വീഴ‌്ചയുമുണ്ടായത്.

230 ഏക്കര്‍ വിസ‌്തൃതിയുള്ള തലവടി കണ്ണംങ്കരികടംമ്പങ്കരി പാടം ബണ്ട് തകര്‍ന്നും തകഴി ചെത്തിക്കളം ഇരുനൂറ് പാടം മോട്ടര്‍തറ തട്ടിയുമാണ് മടവീണത്.കണ്ണംങ്കരികടമ്പങ്കരി പാടത്ത് വിതയിറക്കി 40 ദിവസം പിന്നിട്ടിരുന്നു. പനയന്നൂര്‍കാവ് ക്ഷേത്ര പറമ്പിലൂടെ നദി കരകവിഞ്ഞെങ്കിലും കര്‍ഷകര്‍ മണല്‍ച്ചാക്ക് നിരത്തിയിരുന്നു. ഇതിനെ സമീപത്തെ ദുര്‍ബലമായ ബണ്ട് തകര്‍ന്നാണ് വെള്ളം കയറിയത്.

Advertisements

കുത്തൊഴുക്കില്‍ നാലര ഏക്കറിലെ കൃഷി പൂര്‍ണമായി നശിച്ചു. ബണ്ട് സംരക്ഷിക്കാന്‍ കര്‍ഷകര്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ചെത്തിക്കളം ഇരുനൂറ് പാടം മോട്ടര്‍ തറ തകര്‍ന്നും, തോട് കരകവിഞ്ഞുമാണ് മടവീണത്. മോട്ടര്‍തറ സംരക്ഷിക്കാന്‍ കര്‍ഷകുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പാടം സംരക്ഷിക്കാന്‍ കഴിഞ്ഞില്ല. മോട്ടര്‍തറ തകര്‍ന്നതിന് മുന്‍പ് തോട് കരകവിഞ്ഞ് വെള്ളം കയറിയപ്പോള്‍ മണല്‍ചാക്കുകള്‍ അടുക്കിയിരുന്നു. ചൊവ്വാഴ‌്ച വൈകിട്ടോടെ പാടം പൂര്‍ണമായി മുങ്ങി. വിത കഴിഞ്ഞ് 27 ദിവസം പിന്നിട്ട നെല്‍കൃഷിയാണ് പൂര്‍ണമായി നശിച്ചത്.കഴിഞ്ഞ സീസണിലും ഈ പാടത്തു മട വീണിരുന്നു.

തോട്ടപ്പള്ളിയില്‍ ഉപ്പുവെള്ളത്തിന്റെ ആധിക്യം മൂലം നഷ്ടത്തിലായ കഴിഞ്ഞ കൃഷിയില്‍നിന്നു കരകയറുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടുന്നതിനിടെ മടവീഴ‌്ച കര്‍ഷകരെ ദുരിതത്തിലാക്കി. രാത്രിയില്‍ പാടശേഖരത്തിന്റെ പുറംബണ്ട് സംരക്ഷണത്തിനായി കര്‍ഷകരും നാട്ടുകാരും വിവിധ സംഘങ്ങളായി തിരിഞ്ഞ് രംഗത്തുണ്ടായിരുന്നു. മടവീഴ‌്ചയുണ്ടായ ഭാഗത്തിനു സമീപം കെട്ടിയിട്ടിരുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളിയായ അഖില്‍ ഭവനില്‍ അശോകന്റെ രണ്ടു വള്ളങ്ങളും നീട്ടുവലയും ഒഴുക്കില്‍ നഷ്ടപ്പെട്ടു. ഒരു ലക്ഷത്തില്‍പ്പരം രൂപയുടെ നഷ്ടമുണ്ടായെന്ന് അശോകന്‍ പറഞ്ഞു.കിഴക്കന്‍ വെള്ളത്തിന്റെ വരവു മൂലമുണ്ടായ ജലനിരപ്പ് ഉയര്‍ന്നത് നിയന്ത്രിക്കാന്‍ തോട്ടപ്പള്ളി പൊഴിമുറിച്ച്‌ വെള്ളം കടലിലേക്ക് ഒഴുക്കിത്തുടങ്ങി.

പാടത്ത് വെള്ളം നിറഞ്ഞതോടെ പഞ്ചായത്തിന്റെ ഏഴാം വാര്‍ഡിലെ കൊട്ടാരവളവ്, പുളിക്കല്‍ത്തറ, സി കേശവന്‍ പാലം, ചീപ്പുപാലം എന്നിവയ‌്ക്കു സമീപമുള്ള നൂറുകണക്കിനു വീടുകളില്‍ വെള്ളം കയറി. ദുരിതത്തിലായവരെ സംരക്ഷിക്കുന്നതിന് ഇവിടെ ദുരിതാശ്വസ ക്യാമ്ബുകള്‍ ആരംഭിക്കണമെന്നാവശ്യം ശക്തമാണ്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *